

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) പ്രതിമാസ വേതന പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തിയതോടെ, സ്വകാര്യ-പൊതുമേഖലാ ജീവനക്കാരുടെ പി.എഫ് വിഹിതത്തിൽ കാര്യമായ വർധനവ് വരുന്നു. പരിഷ്കരിച്ച വേതന പരിധി 2026 സെപ്റ്റംബർ 17 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നെങ്കിലും, സെപ്റ്റംബറിലെ ആനുപാതിക കണക്കുകൂട്ടലുകൾക്ക് ശേഷം ഒക്ടോബറിലെ ശമ്പളത്തിലാണ് ഇത് പൂർണമായും നടപ്പിലാകുന്നത്.
പ്രതിമാസ പി.എഫ് വേതനം 15,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിലുള്ള ജീവനക്കാരെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക. ഉദാഹരണത്തിന്, 20,000 രൂപ വേതനമുള്ള ഒരു ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് ഇനിമുതൽ 12 ശതമാനം നിരക്കിൽ 2,400 രൂപ പി.എഫിലേക്ക് ഈടാക്കും. പഴയ പരിധിയിൽ ഇത് 1,800 രൂപ മാത്രമായിരുന്നു. ഇതോടെ ജീവനക്കാരന്റെ പ്രതിമാസ പി.എഫ് വിഹിതത്തിൽ 600 രൂപയുടെ വർധനവുണ്ടാകും.
ജീവനക്കാരന്റെ വിഹിതത്തിനൊപ്പം തൊഴിലുടമയും തുല്യമായ 2,400 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. എന്നാൽ തൊഴിലുടമയുടെ വിഹിതം പൂർണമായി പ്രൊവിഡന്റ് ഫണ്ടിലേക്ക് പോകുന്നതിന് പകരം എംപ്ലോയീസ് പെൻഷൻ സ്കീമിലേക്കും (EPS) ഇപിഎഫിലേക്കുമായി വിഭജിക്കപ്പെടും. 20,000 രൂപ ശമ്പളമുള്ളയാളുടെ കാര്യത്തിൽ, 8.33 ശതമാനമായ 1,666 രൂപ പെൻഷൻ ഫണ്ടിലേക്കും ബാക്കി 3.67 ശതമാനമായ 734 രൂപ ഇപിഎഫിലേക്കും മാറ്റപ്പെടും. ഇതോടെ ജീവനക്കാരന്റെയും കമ്പനിയുടെയും വിഹിതം ചേർത്ത് പ്രതിമാസം ആകെ 4,800 രൂപയാണ് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുക. നേരത്തെ 15,000 രൂപ പരിധിയിലുണ്ടായിരുന്ന ആകെ 3,600 രൂപ എന്ന സ്ഥാനത്താണ് ഈ വർധനവ്.
നേരത്തെ അടിസ്ഥാന ശമ്പളം 15,000 രൂപയ്ക്ക് മുകളിലായതിനാൽ ഇ.പി.എസ് പെൻഷൻ പദ്ധതിയിൽ ചേരാൻ കഴിയാതെ പോയ പല ജീവനക്കാർക്കും പുതിയ പരിഷ്കാരം വഴി പെൻഷൻ പദ്ധതിയുടെ ഭാഗമാകാൻ അവസരമൊരുങ്ങുന്നുണ്ട്. 25,000 രൂപ എന്നത് നിയമപരമായ പരമാവധി പരിധി മാത്രമാണെന്നും എല്ലാവർക്കും ബാധകമായ ഏകീകൃത ശമ്പള നിരക്കല്ലെന്നും ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ 25,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് അതത് വേതനത്തിന് ആനുപാതികമായാണ് വിഹിതം നിശ്ചയിക്കുന്നത്. ഉദാഹരണത്തിന് 10,000 രൂപ വേതനമുള്ളയാൾ 1,200 രൂപയും, 25,000 രൂപ പരിധിയിലുള്ളയാൾ പരമാവധി 3,000 രൂപയും ജീവനക്കാരന്റെ വിഹിതമായി നൽകണം.
ഈ പുതിയ മാറ്റം കാരണം ജീവനക്കാർക്ക് മാസംതോറും നേരിട്ട് കൈയിൽ ലഭിക്കുന്ന ശമ്പളത്തിൽ (Take-home Pay) നേരിയ കുറവുണ്ടാകും. 20,000 രൂപ ശമ്പളമുള്ളയാൾക്ക് പ്രതിമാസം 600 രൂപ ശമ്പളത്തിൽ കുറയുമ്പോൾ, ദീർഘകാലാടിസ്ഥാനത്തിൽ ഇത് അവരുടെ വിരമിക്കൽ സമ്പാദ്യവും പെൻഷൻ ആനുകൂല്യങ്ങളും ഗണ്യമായി വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ, തൊഴിലുടമയുടെ വിഹിതം ജീവനക്കാരന്റെ ബാധ്യതയല്ലെന്നും, കോസ്റ്റ് ടു കമ്പനി (CTC) എന്ന പേരിൽ അത് തൊഴിലാളിയുടെ വരുമാനത്തിൽ നിന്ന് അന്യായമായി കുറയ്ക്കാൻ പാടില്ലെന്നും ഇപിഎഫ്ഒ പ്രത്യേകം ഓർമിപ്പിച്ചിട്ടുണ്ട്.
Content Highlights: EPFO contributions could increase from the current Rs 1,800 to Rs 2,800 per month if the EPF wage ceiling is revised from Rs 15,000 to Rs 21,000. The higher contribution would apply to both employees and employers, while increasing the amount accumulated in an employee’s provident fund account. The proposed change would require official approval before implementation.