

ചെന്നൈ: ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയില്‍ നിന്നൊഴിവാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് വിജയ് സര്‍ക്കാര്‍. പ്രതിപക്ഷ കക്ഷികളില്‍ നിന്നും വിവരാവകാശ പ്രവര്‍ത്തകരില്‍ നിന്നും വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ, ഇറങ്ങി മണിക്കൂറുകള്‍ക്കകമാണ് ഉത്തരവ് പിന്‍വലിക്കുന്നത്. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറക്കിയിരുന്നത്. 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24(4) പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ഈ നടപടി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തമിഴ്‌നാട് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് വകുപ്പ് പുറപ്പെടുവിക്കുകയും സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഉത്തരവോടെ ഇനി മുതല്‍ ക്രമസമാധാനവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ക്ക് ലഭിക്കില്ല എന്നായിരുന്നു വിവരം. ജാതി-വര്‍ഗീയ സംഘര്‍ഷങ്ങള്‍, ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും നടപടികളും, പൊലീസ് കസ്റ്റഡിയിലെ മരണങ്ങള്‍, പൊലീസ് പീഡനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍, പൊലീസ് നടത്തിയ വെടിവെയ്പ്പുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍, ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള തടങ്കലില്‍ വെക്കലുമായി ബന്ധപ്പെട്ട ഫയലുകള്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ നടത്തുന്ന പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, രാഷ്ട്രീയ പശ്ചാത്തലമുള്ളതോ സമരങ്ങളുമായി ബന്ധപ്പെട്ടതോ ആയ കേസുകള്‍ പിന്‍വലിക്കാന്‍ നല്‍കുന്ന അപേക്ഷകളും തീരുമാനങ്ങള്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്.
സുപ്രധാനമായ ആഭ്യന്തര സുരക്ഷാ കാര്യങ്ങളിലും അന്വേഷണങ്ങളിലും അനാവശ്യമായ തടസ്സങ്ങള്‍ ഒഴിവാക്കാനും രഹസ്യാത്മകത സൂക്ഷിക്കാനുമാണ് ഈ നടപടിയെന്നായിരുന്നു സര്‍ക്കാര്‍ വിസദീകരണം. അതേസമയം മനുഷ്യാവകാശ ലംഘനങ്ങളിലും പൊലീസ് നടപടികളിലും സുതാര്യതയും ഉത്തരവാദിത്തവും ഇല്ലാതാക്കാന്‍ ഇത് കാരണമാകുമെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ ആശങ്കപ്പെട്ടിരുന്നു.
Content Highlights: The Vijay government has withdrawn its controversial order exempting the law and order wing from the Right to Information framework. The order was revoked within hours of being issued following criticism from opposition parties and RTI activists. The government had justified the exemption by stating that the law and order wing functions as an intelligence unit.