

സൗദി അറേബ്യയിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മിന്നൽപ്രളയത്തിനും കനത്ത മഞ്ഞിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥ മോശമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ജാസാൻ, അസീർ, അൽ ബാഹ തുടങ്ങിയ തെക്കൻ മേഖലകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇതിനൊപ്പം ശക്തമായ കാറ്റും ആലിപ്പഴ വീഴ്ചയും മിന്നൽപ്രളയവും ഉണ്ടായേക്കാം. പ്രൊവിൻസിന്റെ വിവിധ ഭാഗങ്ങളായ അൽ അഹ്സ, അൽ ഖോബാർ, ദമാം, ഖത്തീഫ്, ബുഖൈഖ്, റഅ്സ് തന്നൂറ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നതിനാൽ വിസിബിലിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മദീനയുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.
ഹായിൽ, അൽ ഖസീം, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചമറയാൻ സാധ്യതയുണ്ട്. ഇതോടൊപ്പം തീരദേശ മേഖലകളിൽ ഉയർന്ന അന്തരീക്ഷ ഈർപ്പവും അനുഭവപ്പെടും. ദമാമിൽ 95 ശതമാനവും ജിദ്ദയിൽ 90 ശതമാനവും ജാസാനിൽ 80 ശതമാനവും വരെ ഈർപ്പം ഉയരുമെന്നാണ് കണക്കാക്കുന്നത്.
കനത്ത മഴ, മൂടൽമഞ്ഞ്, ശക്തമായ കാറ്റ്, കാഴ്ചമങ്ങൽ എന്നിവ മുന്നിൽ കണ്ട് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുൻകരുതൽ മുന്നറിയിപ്പ് സംവിധാനം വഴി രാജ്യത്തുടനീളം റെഡ്, ഓറഞ്ച് അലർട്ടുകൾ നൽകിയിട്ടുണ്ട്. മോശം കാലാവസ്ഥയുള്ള സമയങ്ങളിൽ ഡ്രൈവിംഗിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും താഴ്‌വരകളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ഇറങ്ങരുതെന്നും സുരക്ഷാ സേനയും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Content Highlights: Moderate to heavy thunderstorms are forecast in parts of Jazan, Asir, Al Baha and Makkah, with the possibility of flash floods, hail and strong winds. Authorities have urged residents to follow weather alerts and exercise caution.