

എഥനോൾ ഇന്ധനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ പൂർണമായും എഥനോളിൽ ഓടുന്ന കാർ ഉടൻ പുറത്തിറങ്ങുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പെട്രോൾ തീരെ ആവശ്യമില്ലാത്ത വണ്ടിയായിരിക്കും ഇതെന്നും ഒക്ടോബറിൽ ആകും വാഹനം പുറത്തിറങ്ങുക എന്നും ഗഡ്കരി പറഞ്ഞു. 25 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ ലഭിക്കുന്നതിന് തുല്യമായിരിക്കും വാഹനത്തിന്റെ റണ്ണിങ് ചെലവ് എന്നും ഗഡ്കരി പറഞ്ഞു.
ടൊയോട്ട ഇന്നോവയുടെ ഫ്ലെക്സ് ഫ്യുവൽ വാഹനമാണ് 100 ശതമാനം എഥനോളിൽ ഓടുക. ഓടുമ്പോൾ 60% വൈദ്യുതിയും കാർ ഉത്പാദിപ്പിക്കും എന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. ലോകമെമ്പാടും 19 രാജ്യങ്ങളിൽ എഥനോൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ഇതുവരെയ്ക്കും എഥനോൾ ഉപയോഗിച്ചത് മൂലം ഒരു വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഇതാ ഒക്ടോബറിൽ ഇന്ത്യ 100 ശതമാനം എഥനോളിൽ ഓടുന്ന വാഹനം നിർമിക്കുക ആണെന്നും ഗഡ്കരി പറഞ്ഞു. എഥനോൾ ഇന്ധനത്തിനെതിരെ രൂക്ഷ വിമർശനവും കേടുപാടുകൾ സംബന്ധിച്ച വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് ഗഡ്കരിയുടെ ഈ പ്രസ്താവന.
ഗഡ്കരി പ്രഖ്യാപിച്ചെങ്കിലും അടുത്ത മാസത്തെ ലോഞ്ചിനെ സംബന്ധിച്ച് ടൊയോട്ട ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും വർഷങ്ങളായി ടൊയോട്ട പൂർണമായും എഥനോളിൽ ഓടുന്ന വണ്ടി വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. എഥനോൾ കാർ പ്രഖ്യാപനത്തോടൊപ്പം, ബൈക്ക് ടാക്സി സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കാനും ഗഡ്കരി ആഹ്വാനം ചെയ്തു. ആപ്പ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾ ഇരുചക്ര വാഹന ഉടമകൾക്ക് നിക്ഷേപങ്ങൾ ആവശ്യമില്ലാത്ത വരുമാന സ്രോതസുകൾ നൽകുകയാണ്. ഗ്രാമങ്ങളിലെ ആളുകൾക്ക് ഈ സാധ്യത തുറന്നുകൊടുക്കാൻ സംസ്ഥാന ഗതാഗത മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടിക്കണക്കിന് ആളുകൾക്ക് ഇത് മൂലം തൊഴിൽ ലഭിക്കുമെന്നും ഗഡ്കരി പറഞ്ഞു.
Content Highlights: Union Road Transport and Highways Minister Nitin Gadkari has said he has been invited to the October launch of a Toyota Innova capable of running on 100% ethanol. His remarks come amid ongoing discussions around E20 petrol and the wider adoption of flex-fuel vehicles in India.