തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താൻ ദുബായ്; ഒരാൾക്ക് കുറഞ്ഞത് 3.7 ചതുരശ്ര മീറ്റർ സ്ഥലം നിർബന്ധം

വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് തൊഴിലാളി പാർപ്പിട മേഖലകളിൽ വലിയ രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനവും കെട്ടിട നവീകരണവും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു

തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താൻ ദുബായ്; ഒരാൾക്ക് കുറഞ്ഞത് 3.7 ചതുരശ്ര മീറ്റർ സ്ഥലം നിർബന്ധം
dot image

തൊഴിലാളികളുടെ ജീവിതസൗകര്യങ്ങളും സുരക്ഷിതത്വവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പദ്ധതിയുമായി ദുബായ് മുൻസിപ്പാലിറ്റി. പുതുക്കിയ നിയമങ്ങൾ പ്രകാരം ഓരോ തൊഴിലാളിക്കും താമസകേന്ദ്രങ്ങളിൽ ഉറങ്ങാൻ കുറഞ്ഞത് 3.7 ചതുരശ്ര മീറ്റർ സ്ഥലം നിർബന്ധമായും നൽകണം. കൂടാതെ മറ്റ് പൊതുസേവന സൗകര്യങ്ങൾക്കായി ഒരാൾക്ക് 8.9 മുതൽ 10.3 ചതുരശ്ര മീറ്റർ വരെ ഗ്രോസ് ഫ്ലോർ ഏരിയയും വിനോദങ്ങൾക്കും തുറസ്സായ സ്ഥലങ്ങൾക്കുമായി 0.75 മുതൽ 1.5 ചതുരശ്ര മീറ്റർ വരെ സ്ഥലവും അനുവദിക്കണമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് തൊഴിലാളി പാർപ്പിട മേഖലകളിൽ വലിയ രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനവും കെട്ടിട നവീകരണവും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. 'തൊഴിലാളി പാർപ്പിട നയത്തിന്റെ' ഭാഗമായി നടപ്പിലാക്കിയ പദ്ധതിയിലൂടെ റോഡുകൾ, നടപ്പാതകൾ, വിനോദസൗകര്യങ്ങൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. താമസകേന്ദ്രങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനായി ഏകീകൃത സ്മാർട്ട് വർഗ്ഗീകരണ സംവിധാനം നടപ്പിലാക്കുകയും 1,417 കെട്ടിടങ്ങളിൽ പരിശോധന പൂർത്തിയാക്കുകയും ചെയ്തു. മികച്ച രീതിയിൽ പ്രവർത്തിച്ച 19 കേന്ദ്രങ്ങൾക്ക് മാതൃകാ പാർപ്പിടങ്ങൾക്കുള്ള അംഗീകാരവും (പ്ലാറ്റിനം, ഗോൾഡ്, സിൽവർ റേറ്റിംഗ്) നൽകിയിട്ടുണ്ട്.

തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് ദുബായ് മുൻസിപ്പാലിറ്റിയുടെ എൻവയോൺമെന്റ്, ഹെൽത്ത് ആൻഡ് സേഫ്റ്റി ഏജൻസി ആക്ടിംഗ് സിഇഒ ഡോ. നസീം മുഹമ്മദ് റാഫി വ്യക്തമാക്കി. ഭാവി വികസനങ്ങൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനായി എല്ലാ സർക്കാർ വിവരങ്ങളും ഉൾപ്പെടുത്തി ഒരു ഏകീകൃത ഡാറ്റാബേസും തയ്യാറാക്കിയിട്ടുണ്ട്. 'ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ', 'ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033' എന്നിവയ്ക്ക് അനുസൃതമായാണ് ഈ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

Content Highlights: Dubai has introduced a requirement for worker accommodations to provide a minimum of 3.7 square metres of space per person. The measure is aimed at improving living conditions and standards for workers in the emirate.

dot image
To advertise here,contact us
dot image