

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊല്‍ക്കത്തയും പാകിസ്താന്‍ നാവിക കപ്പലായ പിഎന്‍എസ് ഹുനൈനും അറബിക്കടലില്‍ കൂട്ടിയിടിച്ച സംഭവത്തില്‍ പാകിസ്താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി ഇന്ത്യ. 'സത്യങ്ങള്‍ മറയ്ക്കാനുള്ള' ശ്രമമാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ വിമര്‍ശിച്ചു. പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായത് 1991 നയതന്ത്ര കരാറിന്റെയും അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെയും ലംഘനമാണന്നും ഇന്ത്യ ആവര്‍ത്തിച്ചു. ഇന്ത്യയുടെ നയതന്ത്ര പ്രതിഷേധത്തിന് പാകിസ്താന്റെ പ്രതികരണം പ്രതീക്ഷിച്ചിരുന്നതാണെന്നും ജെയ്‌സ്വാള്‍ തുറന്നടിച്ചു. ഇന്ത്യയാണ് കടന്നുകയറിയതെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം. പാകിസ്താന്‍ കപ്പല്‍ അപകടകരമായ രീതിയില്‍ ഇന്ത്യന്‍ കപ്പലിനെ മറികടക്കാന്‍ ശ്രമിച്ചതാണ് കൂട്ടിയിടിക്ക് കാരണമെന്നും മന്ത്രാലയം വ്യക്തമാക്കി.
പാകിസ്താന്‍ വ്യാജ പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്താന്റെ എല്ലാ ആരോപണങ്ങളും വിദേശകാര്യമന്ത്രാലയം നിഷേധിച്ചത്. മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലം പാലിക്കണമെന്ന സൈനിക ധാരണ ലംഘിക്കപ്പെട്ടു. ഇത് മറികടന്ന് പാകിസ്താന്റെ കപ്പല്‍ മുന്നോട്ടു വന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നും ഇന്ത്യ വ്യക്തമാക്കി. പാക് കപ്പല്‍ അപകടകരമായ നീക്കമാണ് നടത്തിയതെന്നും ഐഎന്‍എസ് കൊല്‍ക്കത്തയ്ക്ക് കേടുപാടുകള്‍ ഇല്ലെന്നും കപ്പൽ നിലവിൽ കടലില്‍ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകിട്ടാണ് വടക്കന്‍ അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന കപ്പലും പാകിസ്താന്‍ കപ്പലും കൂട്ടിയിടിച്ചത്. അന്താരാഷ്ട്ര ജലപരിധിയില്‍ ആയിരുന്നു അപകടം. പാക് കപ്പല്‍ ഇന്ത്യന്‍ കപ്പലിന് നേരെ വേഗത്തില്‍ എത്തുകയായിരുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നാവിക പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്ന അപകടമാണിതെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
Content Highlights: India’s Ministry of External Affairs has rejected allegations raised by Pakistan regarding a reported collision involving Indian and Pakistani vessels. The ministry responded to the claims and shared its position on the incident