

യുഎഇ ലോട്ടറി നറുക്കെടുപ്പിൽ 30 ദശലക്ഷം ദിർഹത്തിന്റെ (77 കോടി ഇന്ത്യൻ രൂപ) ഭാഗ്യം സ്വന്തമായതോടെ തിരുവനന്തപുരം സ്വദേശി സുനിൽ കുമാർ സദാശിവന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം കുറിക്കപ്പെട്ടിരിക്കുകയാണ്. ഈ ചരിത്ര നേട്ടത്തിന് ഒരുപാട് മുമ്പ് തന്നെ, മറ്റുള്ളവരുടെ സന്തോഷത്തിന് സ്വന്തം ജീവിതത്തിൽ മുൻഗണന നൽകിയ വ്യക്തിയായിരുന്നു 52കാരനായ സുനിൽ കുമാർ. ക്ലേശങ്ങൾ നിറഞ്ഞ പ്രവാസവഴികളിൽ പ്രതീക്ഷ കൈവിടാതെ ജീവിച്ചൊരു സാധാരണക്കാരന് കാലം കാത്തുവെച്ച മനോഹരമായൊരു മറുപടിയാണ് ഈ ചരിത്രനേട്ടം.
പതിനെട്ടാം വയസ്സിൽ കൈയ്യിൽ പ്രതീക്ഷ മാത്രം മൂലധനമായി വീടുവിട്ടിറങ്ങുമ്പോൾ സുനിൽ കുമാറിന് ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്വന്തം ആഗ്രഹങ്ങളോ ഭാവിയോ സുനിൽ ഒരിക്കലും പരിഗണിച്ചിട്ടില്ല. മറിച്ച്, തന്റെ ആറു സഹോദരിമാരെയും വിവാഹം കഴിപ്പിച്ച് സുരക്ഷിതമായ ജീവിതത്തിലേക്ക് നയിക്കുക എന്നത് മാത്രമായിരുന്നു ഈ തിരുവനന്തപുരം സ്വദേശിയുടെ ആഗ്രഹം.
ചെറുപ്പകാലം മുഴുവൻ തന്റെ സഹോദരിമാർക്കായി സുനിൽ മാറ്റിവെച്ചു. ആ അധ്യായം ഭംഗിയായി പൂർത്തിയാക്കിയ ശേഷമാണ് സ്വന്തമായി ഒരു ജീവിതത്തെക്കുറിച്ച് സുനിൽ ചിന്തിച്ചു തുടങ്ങിയത്. തുടർന്ന് 2006-ൽ വിവാഹിതനായ സുനിൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടിയാണ് യുഎഇയിലേക്ക് വിമാനം കയറിയത്. പിന്നീട് നാട്ടിലേക്ക് മടങ്ങി ടൈൽ കോൺട്രാക്ടറായി ജോലി ചെയ്തു. എങ്കിലും സാമ്പത്തിക പ്രതിസന്ധികൾ സുനിലിനെ വീണ്ടും പ്രവാസ ജീവിതത്തിലേക്ക് തന്നെ തിരികെ കൊണ്ടുപോയി.
കഴിഞ്ഞ രണ്ടു വർഷമായി ഒരു മെയിന്റനൻസ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു സുനിൽ. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെയും തനിക്ക് തുണയായത് യുഎഇ എന്ന നാടാണെന്ന് സുനിൽ പലപ്പോഴും നന്ദിയോടെ സ്മരിക്കാറുണ്ട്. എങ്കിലും പരീക്ഷണങ്ങൾ എക്കാലവും സുനിലിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വിവാഹം കഴിഞ്ഞ് 12 നീണ്ട വർഷങ്ങളാണ് ഒരു കുഞ്ഞിനായി സുനിലും ഭാര്യയും കാത്തിരുന്നത്. സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ചികിത്സകൾക്കായി ചെലവഴിച്ചു.
"ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ കാലഘട്ടമായിരുന്നു അത്. എങ്കിലും പ്രതീക്ഷ കൈവിടാതിരിക്കാൻ അത് എന്നെ പഠിപ്പിച്ചു," സുനിൽ ഓർക്കുന്നു. ഒടുവിൽ എല്ലാ കാത്തിരിപ്പുകൾക്കും വിരാമമിട്ട് ഒരു മകൾ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ അതിരറ്റ സന്തോഷമാണ് ആ വീട്ടിൽ നിറഞ്ഞത്. പ്രതിസന്ധി ഘട്ടങ്ങളിലത്രയും തനിക്ക് കരുത്തായി കൂടെനിന്ന ഭാര്യയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും ഏത് തീരുമാനമെടുക്കുന്നതിന് മുമ്പും താൻ ആദ്യം സംസാരിക്കുന്നത് ഭാര്യയോടാണെന്നും സുനിൽ പറയുന്നു.
സുനിലിന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനയുടെയും പ്രതീക്ഷയുടെയും തുടർച്ചയായിരുന്നു ആ ബുധനാഴ്ച രാത്രിയും. മകളുടെയും ഭാര്യയുടെയും സ്വന്തം ജന്മദിന തീയതികൾ ചേർത്തുവെച്ച് സുനിൽ യുഎഇ ലോട്ടറി ടിക്കറ്റെടുത്തു. ജോലി കഴിഞ്ഞ് ചെറിയൊരു സമ്മാനമെങ്കിലും കിട്ടുമെന്ന വിചാരത്തോടെ ഫലം പരിശോധിച്ച അദ്ദേഹം കണ്ടത് താൻ 30 ദശലക്ഷം ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് വിജയിയായിരിക്കുന്നു എന്ന അത്ഭുതപ്പെടുത്തുന്ന വാർത്തയാണ്. യുഎഇ ലോട്ടറിയുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ഗ്രാൻഡ് പ്രൈസ് വിജയിയായി സുനിൽ മാറി.
എന്നാൽ, കോടികളുടെ ഭാഗ്യം കൈവന്നിട്ടും സുനിലിന്റെ ചിന്തകൾ എപ്പോഴും ലളിതവും മനോഹരവുമാണ്. ''നാട്ടിൽ നിന്നും ഒരുപാട് അകലെ ജോലി ചെയ്തിരുന്നതിനാൽ മകളുടെയും ഭാര്യയുടെയും കൂടെയുള്ള സാധാരണ നിമിഷങ്ങൾ ആസ്വദിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. അതെല്ലാം അസാധ്യമാണെന്ന് കരുതി ഞാൻ ആരോടും പറഞ്ഞതുമില്ല,'' പണത്തേക്കാൾ ഉപരി, വർഷങ്ങളായി ജോലിത്തിരക്കുകൾ കാരണം നഷ്ടപ്പെട്ടുപോയ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളും സമയവുമാണ് തനിക്കിപ്പോൾ ലഭിച്ച ഏറ്റവും വലിയ സമ്മാനമെന്ന് സുനിൽ കരുതുന്നു. നാട്ടിൽ പൂർത്തിയാകാതെ കിടക്കുന്ന വീടിന്റെ പണി തീർക്കുക, മകൾക്ക് നല്ല വിദ്യാഭ്യാസം നൽകുക, ഭാര്യയോടും മകളോടുമൊപ്പം സ്നേഹത്തോടെ കഴിയുക എന്നിവയ്ക്കാണ് സുനിലിന്റെ ആദ്യ പരിഗണന.
നാട്ടിൽ ഒരു ചെറിയ ബിസിനസ്സ് തുടങ്ങുന്നതിനൊപ്പം അർഹരായ പാവപ്പെട്ട കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കാനും സുനിൽ പദ്ധതിയിടുന്നു. "30 കോടി ലോട്ടറി അടിച്ച ആളെന്ന നിലയിലല്ല, മറിച്ച് ആ പണം കൊണ്ട് സ്വന്തം കുടുംബത്തിനും സഹായം ആവശ്യമുള്ള മറ്റു ചിലർക്കും തണലായി മാറിയ ഒരാളായി ആളുകൾ എന്നെ ഓർക്കണമെന്നാണ് എന്റെ ആഗ്രഹം," - സുനിലിന്റെ ഈ വാക്കുകളിൽ താൻ കടന്നുവന്ന കഷ്ടപ്പാടുകളുടെ അനുഭവവെളിച്ചവും മാനവികതയും ഒരുപോലെ തെളിഞ്ഞുനിൽക്കുന്നു.
യുഎഇ ലോട്ടറിയുടെ ജൂലൈയിൽ നടന്ന നറുക്കെടുപ്പിലാണ് സുനിൽ കുമാർ സദാശിവൻ മികച്ച വിജയം സ്വന്തമാക്കിയത്. തന്റെയും ഭാര്യയുടെയും മകളുടെയും ജന്മദിന തീയതികൾ ചേർത്തുവെച്ച് എടുത്ത ലോട്ടറി ടിക്കറ്റിലൂടെയാണ് സുനിലിന് വിജയം സ്വന്തമാക്കിയിരിക്കുന്നത്. പിന്നാലെ ജോലി രാജിവെച്ച് സുനിൽ നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
Content Highlights: Sunil, who spent years of his expatriate life overcoming challenges and supporting others, finally found good fortune. His journey of struggles, sacrifices, and perseverance has turned into an inspiring story of hope and success.