

യുഎഇയിൽ വിവിധയിടങ്ങളിൽ വീണ്ടും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായി. ഷാർജയുടെ കിഴക്കൻ മേഖലകളായ അൽ ദൈദ്, സുഹൈല എന്നിവിടങ്ങളിലാണ് ഇന്ന് ഉച്ചയോടെ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ പേമാരി ഉണ്ടായത്. കനത്ത മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടാവുകയും താഴ്‌വരകളിലെ വാഡികൾ നിറഞ്ഞൊഴുകുകയും പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ വൈകിട്ട് ഏഴു മണിവരെ നേരിയതോ മിതമായതോ ആയ മഴയ്ക്കൊപ്പം ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എൻസിഎം) മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ ഷാർജയെ പ്രകമ്പനം കൊള്ളിച്ച് ശക്തമായ മഴ പെയ്തത്. കനത്ത മഴയിൽ മലനിരകളിൽ നിന്ന് വൻതോതിൽ വെള്ളപ്പാച്ചിലുണ്ടായി, പ്രദേശത്തെ വാഡികൾ കരകവിഞ്ഞൊഴുകി. മുൻകരുതലിന്റെ ഭാഗമായി വാഡികൾക്ക് സമീപത്തേക്ക് പോകരുതെന്നും സാഹസിക വിനോദങ്ങളിൽ ഏർപ്പെടരുതെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മഴയിൽ പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
രാത്രിയിലും ഞായറാഴ്ച രാവിലെയോടെയും തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വൻതോതിൽ ഉയരാൻ സാധ്യതയുണ്ട് എന്നും ഇതിന്റെ ഫലമായി കാഴ്ചപരിധി കുറയ്ക്കുന്ന രീതിയിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെടുമെന്നും എൻസിഎം അറിയിച്ചു. ഞായറാഴ്ച മുതൽ രാജ്യത്ത് താപനിലയിൽ ഗണ്യമായ കുറവുണ്ടാകും എന്നും പറഞ്ഞു. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ കിഴക്കൻ, തെക്കൻ മേഖലകളിൽ വീണ്ടും മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാൻ ഇടയുള്ളതിനാൽ മരുഭൂമി പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചപരിധി മങ്ങാൻ സാധ്യതയുണ്ട്.
റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും കൃത്യമായ അകലം പാലിക്കണമെന്നും ട്രാഫിക് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസും ദുരന്തനിവാരണ സേനയും നിർദ്ദേശിച്ചു.
Content Highlight: Heavy rain and thunderstorms have caused overflowing wadis and disrupted road traffic in several parts of the UAE