

ഓപ്പറേഷന്‍ ഷിവലറസ് നൈറ്റ് 3 ന്റെ ഭാഗമായി 76 ട്രക്കുകളിലായി 938 ടണ്‍ ദുരിതാശ്വാസ വസ്തുക്കളടങ്ങുന്ന അഞ്ച് വാഹനവ്യൂഹങ്ങള്‍ യുഎഇയില്‍ നിന്ന് ഗാസയില്‍ എത്തി. ഈ ആഴ്ചയാണ് യുഎഇയിൽ നിന്നും അഞ്ച് വാഹനങ്ങൾ ഗാസയിൽ പ്രവേശിച്ചത്. ഗാസയിലെ നിലവിലെ പ്രതിസന്ധിക്കിടെ പലസ്തീൻ ജനതയുടെ അടിയന്തര മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സഹായം എത്തിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഭക്ഷ്യവസ്തുക്കൾ, അഭയകേന്ദ്രങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ, 20 ജലസംഭരണ ടാങ്കുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാസയിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുകയും മാനുഷിക സഹായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും അധികൃതർ പറഞ്ഞു. യുഎഇ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ലോജിസ്റ്റിക്സ് സെന്ററിന്റെ നേതൃത്വത്തിൽ സഹായസാമഗ്രികൾ വേഗത്തിൽ തയ്യാറാക്കി തരംതിരിച്ച് ഗാസയിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. സഹായം ആവശ്യക്കാരിലെത്തുന്നത് ഉറപ്പാക്കാൻ ഏകോപിത സംവിധാനത്തിലൂടെയാണ് വാഹനവ്യൂഹങ്ങൾ അയക്കുന്നത് എന്നും അധികൃതർ വ്യക്തമാക്കി.
ഓപ്പറേഷൻ ഷിവലറസ് നൈറ്റ് 3 ന്റെ ഭാഗമായി യുഎഇ സ്ഥിരമായി സഹായ കോൺവോയികൾ ഗാസയിലേക്ക് അയച്ചുവരികയാണ്. പലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കാനും അടിയന്തര മാനുഷിക ആവശ്യങ്ങൾക്ക് വേഗത്തിൽ പ്രതികരിക്കാനുമാണ് ഈ സഹായങ്ങൾ ലക്ഷ്യമിടുന്നത്. പലസ്തീൻ ജനതയ്ക്ക് വിവിധ തരത്തിലുള്ള മാനുഷിക ദുരിതാശ്വാസ സഹായങ്ങൾ തുടർന്നും നൽകുമെന്ന യുഎഇയുടെ പ്രതിബദ്ധതയാണ് ഓപ്പറേഷന്‍ ഷിവലറസ് നൈറ്റ് 3 വീണ്ടും വ്യക്തമാക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Content Highlight: The UAE has dispatched five humanitarian aid convoys carrying 938 tonnes of relief supplies to Gaza under Operation Chivalrous Knight 3