

ദുബായിലെ പ്രധാന ഗതാഗതക്കുരുക്കിന് പരിഹാരവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഔദ് മേഥ അൽ അസയൽ സ്ട്രീറ്റ്സ് വികസന പദ്ധതിയുടെ ഭാഗമായി പുതിയ പാലം തുറന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡ് ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പാലം തുറന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാസമയം 20 മിനിറ്റിൽ നിന്ന് വെറും അഞ്ച് മിനിറ്റായി കുറയുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 90 ശതമാനം പൂർത്തിയായ പദ്ധതിയുടെ ഭാഗമായി ഔദ് മേഥ സ്ട്രീറ്റിന്റെ വാഹനശേഷി 50 ശതമാനം വർധിപ്പിക്കും. ഇതിന്റെ ഭാഗമായാണ് ഇന്ന് അൽ ഖൈൽ റോഡിൽ നിന്ന് അൽ വസൽ ക്ലബ് സ്ട്രീറ്റ് വഴി അൽ അസായേൽ സ്ട്രീറ്റിലേക്കുള്ള പുതിയ മൂന്ന് വരി പാലം ഗതാഗതത്തിനായി തുറന്നത്. മണിക്കൂറിൽ 3,600 വാഹനങ്ങൾ വരെ കടന്നുപോകാനുള്ള ശേഷി ഈ പാലത്തിനുണ്ട്.
ഓഗസ്റ്റ് അവസാനത്തോടെ രണ്ട് പുതിയ തുരങ്കങ്ങളും മറ്റൊരു പാലവും തുറക്കുമെന്ന് ആർടിഎ അറിയിച്ചു. ആദ്യ തുരങ്കം ഔദ് മേഥ സർവീസ് റോഡിനെ ഷെയ്ഖ് റാഷിദ് റോഡുമായി ബന്ധിപ്പിക്കും. ബുർ ദുബായിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിക്കും. രണ്ടാമത്തെ തുരങ്കം ദുബായ് അൽ ഐൻ റോഡിൽ നിന്ന് അൽ വസൽ ക്ലബ് സ്ട്രീറ്റിലേക്കുള്ള വാഹനങ്ങൾക്ക് യാത്ര എളുപ്പമാക്കും. നിലവിലുള്ള ഗതാഗതക്കുരുക്ക് ഇതിലൂടെ കുറയും. അൽ അസായേൽ സ്ട്രീറ്റിൽ നിന്ന് ഔദ് മേഥ സ്ട്രീറ്റിലേക്കുള്ള ഇടത് തിരിവിനായി പ്രത്യേക പാലവും തുറക്കും.
പദ്ധതിയുടെ ഭാഗമായി നാല് പ്രധാന ജംഗ്ഷനുകൾ നവീകരിക്കും എന്നും ആകെ 4.3 കിലോമീറ്റർ നീളത്തിൽ പാലങ്ങളും രണ്ട് തുരങ്കങ്ങളും നിർമ്മിക്കുകയും 14 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കും എന്നും ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്‌സിന്റെ ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. ഔദ് മേഥ സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് റോഡ്, അൽ അസായേൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, ദുബായ്–അൽ ഐൻ റോഡ് എന്നിവിടങ്ങളിലെ ഗതാഗതം കൂടുതൽ സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി അധിക ലെയിനുകൾ, പുതിയ സർവീസ് റോഡുകൾ, പ്രവേശന പുറത്തുകടക്കൽ റാംപുകളുടെ നവീകരണം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പാലങ്ങളും തുരങ്കങ്ങളും പൂർത്തിയാകുന്നതോടെ പ്രധാന റോഡുകളിലെ വാഹനശേഷി വർധിക്കുകയും ഗതാഗതക്കുരുക്ക് കുറയുകയും അൽ വസൽ ക്ലബിലേക്കും സമീപ പ്രദേശങ്ങളിലേക്കും കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാനാകുകയും ചെയ്യും. സബീൽ, അൽ ജദ്ദാഫ്, ഔദ് മേഥ, ഉം ഹുറൈർ എന്നീ താമസമേഖലകൾക്കും ലത്തീഫ ആശുപത്രി, അൽ വസൽ ക്ലബ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾക്കും പദ്ധതി പ്രയോജനം ചെയ്യും. 2030ഓടെ ഈ പദ്ധതി സേവനം നൽകുന്ന പ്രദേശങ്ങളിലെ ജനസംഖ്യ 4.2 ലക്ഷത്തിലധികമാകുമെന്നാണ് ആർടിഎയുടെ കണക്ക്. പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാസമയം 75 ശതമാനം വരെ കുറയും.
2026-ലെ ആദ്യ പാദത്തിൽ ഇതേ പദ്ധതിയുടെ ഭാഗമായി ആർടിഎ രണ്ട് പാലങ്ങൾ ഗതാഗതത്തിനായി തുറന്നിരുന്നു. ആദ്യ പാലം ഔദ് മേഥ സ്ട്രീറ്റ്–അൽ അസായേൽ സ്ട്രീറ്റ്–അൽ വസൽ ക്ലബ് സ്ട്രീറ്റ് ജംഗ്ഷനിലാണ്. രണ്ട് വരി പാലമായ ഇതിലൂടെ മണിക്കൂറിൽ 2,400 വാഹനങ്ങൾ കടന്നുപോകാം. അൽ അസായേൽ സ്ട്രീറ്റിൽ നിന്ന് അൽ വസൽ ക്ലബ് സ്ട്രീറ്റിലേക്കുള്ള വാഹനങ്ങൾക്കായാണ് ഇത്. രണ്ടാമത്തെ പാലം അൽ വസൽ ക്ലബ് സ്ട്രീറ്റും അൽ ഖൈൽ റോഡും ചേരുന്ന ജംഗ്ഷനിലാണ്. അൽ അസായേൽ സ്ട്രീറ്റിൽ നിന്ന് ബിസിനസ് ബേ ക്രോസിംഗിലേക്കുള്ള അൽ ഖൈൽ റോഡ് വഴി പോകുന്ന വാഹനങ്ങൾക്ക് ഇത് കൂടുതൽ സുഗമമായ യാത്ര ഉറപ്പാക്കുന്നു.
Content Highlight: Dubai's Oud Metha Road Development Project is 90% complete and is expected to reduce travel time from 20 minutes to just 5 minutes