രണ്ട് ബാഗുകൾ വരെ സൗജന്യമായി കൊണ്ടുപോകാം; എത്തിഹാദ് റെയിൽ യാത്രാ നിയമങ്ങൾ പുറത്തുവിട്ടു

യാത്രക്കാർ ബാഗുകളിൽ പേരും കോൺടാക്ട് വിവരങ്ങളും വ്യക്തമായി രേഖപ്പെടുത്തണം

രണ്ട് ബാഗുകൾ വരെ സൗജന്യമായി കൊണ്ടുപോകാം; എത്തിഹാദ് റെയിൽ യാത്രാ നിയമങ്ങൾ പുറത്തുവിട്ടു
dot image

യുഎഇയിലെ പുതിയ ട്രെയിൻ സർവീസായ എത്തിഹാദ് റെയിലിൽ യാത്രക്കാർക്കായി വിപുലമായ യാത്രാ ചട്ടങ്ങളും സേവനങ്ങളും ഉൾപ്പെടുത്തിയ 'പാസഞ്ചർ ചാർട്ടർ' പുറത്തിറക്കി. ഇതനുസരിച്ച് ഏത് തരം ടിക്കറ്റ് എടുത്തവർക്കും രണ്ട് ബാഗുകൾ വരെ തികച്ചും സൗജന്യമായി ട്രെയിനിൽ കൂടെക്കരുതാം. മൂന്ന് വയസ്സും അതിന് മുകളിലുമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. എന്നാൽ, മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക ബാഗേജ് ആനുകൂല്യം ഉണ്ടായിരിക്കില്ല. ഇവർ മുതിർന്നവരുടെ ബാഗേജ് പരിധിക്കുള്ളിൽ തന്നെ സാധനങ്ങൾ ഉൾപ്പെടുത്തേണ്ടി വരും. അധിക ബാഗുകൾ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർ എത്തിഹാദ് റെയിൽ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനുകൾ വഴി മുൻകൂട്ടി ബുക്ക് ചെയ്യണം.

യാത്രക്കാർ ബാഗുകളിൽ പേരും കോൺടാക്ട് വിവരങ്ങളും വ്യക്തമായി രേഖപ്പെടുത്തണം. ഒപ്പം മറ്റുള്ളവരുടെ സഹായമില്ലാതെ സ്വന്തം ബാഗുകൾ ഉയർത്താനും സൂക്ഷിക്കാനും യാത്രക്കാർക്ക് കഴിയണം. സുരക്ഷ മുൻനിർത്തി ബാഗുകൾ വാതിലുകൾക്ക് സമീപമോ എമർജൻസി എക്സിറ്റുകൾക്ക് അടുത്തോ വെക്കാൻ പാടില്ല. ഹാൻഡ്‌ബാഗുകളും ലാപ്ടോപ്പ് ബാഗുകളും സീറ്റിനടിയിൽ ഒതുങ്ങുന്നതായിരിക്കണം. ക്യാബിൻ ബാഗുകൾക്ക് പരമാവധി 55 സെന്റീ മീറ്റർ ഉയരവും 40 സെന്റീ മീറ്റർ വീതിയും 23 സെന്റീ മീറ്റർ ആഴവും മാത്രമേ അനുവദിക്കൂ.

ട്രെയിൻ യാത്രയിലുടനീളം യാത്രക്കാർക്ക് സൗജന്യ വൈഫൈ, എല്ലാ സീറ്റുകളിലും ചാർജിങ് പോർട്ടുകൾ, അറബിക്-ഇംഗ്ലീഷ് ഭാഷകളിൽ തത്സമയ യാത്രാവിവരങ്ങൾ നൽകുന്ന സ്ക്രീനുകൾ എന്നിവ ലഭ്യമായിരിക്കും. ഇതുകൂടാതെ ലഘുഭക്ഷണങ്ങളും പാനീയങ്ങളും നൽകുന്ന ഓൺബോർഡ് ട്രോളി സർവീസും ഉണ്ടാകും. യാത്രക്കാരെ സഹായിക്കാനും ടിക്കറ്റ് പരിശോധനകൾക്കുമായി ഓരോ സർവീസിലും പ്രത്യേക 'ട്രെയിൻ മാസ്റ്റർ' ഉണ്ടാകും. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് സീറ്റുകൾ സ്വയമേവ അനുവദിക്കുമെങ്കിലും വാല്യൂ, ഫ്ലെക്സ് ടിക്കറ്റുകൾ എടുത്തവർക്ക് ഇഷ്ടമുള്ള സീറ്റ് സൗജന്യമായി തിരഞ്ഞെടുക്കാം. സേവർ ടിക്കറ്റുകാർക്ക് ചെറിയൊരു തുക നൽകി സീറ്റുകൾ മാറ്റാനും അവസരമുണ്ട്.

വീട്ടു മൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്കും എത്തിഹാദ് റെയിലിൽ ഇളവുകളുണ്ട്. നായ്ക്കൾ, വേട്ടപ്പരുന്തുകൾ തുടങ്ങിയ വളർത്തുമൃഗങ്ങളെ നിശ്ചിത അളവിലുള്ള (55 സെന്റീ മീറ്റർ ഉയരവും 40 സെന്റീ മീറ്റർ വീതിയും 23 സെന്റീ മീറ്റർ ആഴവും) ബോക്സുകളിൽ യാത്രക്കാർക്ക് ഒപ്പം കൂട്ടാം. എന്നാൽ ഈ ബോക്സ് യാത്രക്കാരന്റെ സാധാരണ ക്യാബിൻ ബാഗേജിന് പകരമായിട്ടായിരിക്കും കണക്കാക്കുക. ഒരാൾക്ക് ഒരു പെറ്റ് കാരിയർ മാത്രമേ അനുവദിക്കൂ. കാഴ്ചപരിമിതിയുള്ളവർക്കും മറ്റുമുള്ള പ്രത്യേക പരിശീലനം സിദ്ധിച്ച അസിസ്റ്റൻസ് നായ്ക്കളെ കൊണ്ടുപോകാൻ കസ്റ്റമർ കെയർ വഴി മുൻകൂട്ടി ബുക്ക് ചെയ്യണം. അതേസമയം സാധാരണ സൈക്കിളുകൾ, ഇ-ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ എന്നിവ ട്രെയിനിൽ അനുവദിക്കില്ല. നിർമ്മാതാക്കൾ സാക്ഷ്യപ്പെടുത്തിയ ബാറ്ററി ഘടിപ്പിച്ച ഇലക്ട്രിക് വീൽചെയറുകൾ മാത്രമേ അനുവദിക്കൂ.

ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സുഗമമായ യാത്ര ഉറപ്പാക്കാൻ സ്റ്റേഷനുകളിൽ പടികളില്ലാത്ത വഴി, പ്രത്യേക ശൗചാലയങ്ങൾ, വീൽചെയർ സ്പേസുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അബുദാബി സ്റ്റേഷനിലേക്ക് എത്തുന്നവർക്കായി എത്തിഹാദ് റെയിൽ പ്രത്യേക ഷട്ടിൽ ബസ് സർവീസുകളും നടത്തുന്നുണ്ട്. കോർണിഷിലെ അഡ്‌നോക് ഹെഡ്ക്വാർട്ടേഴ്സ്, അഡ്‌നെക് അബുദാബി, റീം മാൾ എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് ഈ ബസുകൾ സർവീസ് നടത്തുക. ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ 10,000-ലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.

Content Highlights: Etihad Rail has announced its passenger travel regulations ahead of the launch of services. The new guidelines allow each passenger to carry up to two bags free of charge and include detailed rules on baggage limits, prohibited items, and onboard travel.

dot image
To advertise here,contact us
dot image