പശ്ചിമേഷ്യൻ സംഘർഷം; കുവൈറ്റിലെ രണ്ട് അമേരിക്കൻ സൈനിക താവളങ്ങളില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം

കാമികാസെ ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ഇറാന്റെ പ്രസ്താവന

പശ്ചിമേഷ്യൻ സംഘർഷം; കുവൈറ്റിലെ രണ്ട് അമേരിക്കൻ സൈനിക താവളങ്ങളില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം
dot image

കുവൈറ്റിലെ രണ്ട് അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് വന്‍തോതില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം. ഇറാനില്‍ നേരത്തെ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് കുവൈറ്റിലെ രണ്ട് യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ സൈന്യം വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളാണ് സൈന്യത്തിന്റെ പ്രസ്താവന പുറത്തുവിട്ടത്.

കുവൈറ്റിലെ ക്യാമ്പ് ഉദൈരിയിലെ ഒരു യുഎസ് ആയുധപ്പുരയെയും അലി അല്‍ സലേം വ്യോമതാവളത്തിലെ പാട്രിയറ്റ് റഡാര്‍ സംവിധാനങ്ങളെയും വ്യോമ നിരീക്ഷണ റഡാറിനെയും ലക്ഷ്യമാക്കി ആക്രമണം നടത്തി. കാമികാസെ ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്നാണ് ഇറാന്റെ പ്രസ്താവനയില്‍ പറയുന്നത്. അതേസമയം, ആക്രമണത്തെക്കുറിച്ച് അമേരിക്കയോ കുവൈറ്റ് അധികൃതരോ ഔദ്യോഗികമായി നാശനഷ്ടങ്ങളോ ആളപായമോ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്ക ഇറാനില്‍ എട്ടാം രാത്രിയും വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ ഈ അവകാശവാദം പുറത്തുവന്നത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ മേഖലയില്‍ സുരക്ഷാ ആശങ്കയും വര്‍ധിച്ചിരിക്കുകയാണ്.

അതേസമയം ജോര്‍ദാനില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനെ കാണാതായതായും വിവരമുണ്ട്. പിന്നാലെ അമേരിക്കയും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇറാനിലെ അമേരിക്കന്‍ ആക്രമണത്തില്‍ തന്ത്രപ്രധാന മേഖലയായ സിരിക്കില്‍ തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബന്ദര്‍ അബ്ബാസ്, ബന്ദര്‍ ലെന്‍ഗെ എന്നിവിടങ്ങളിലും സ്ഫോടനം നടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനില്‍ നടന്ന അമേരിക്കന്‍ ആക്രമണത്തില്‍ 50 പേര്‍ മരിച്ചതായും ഏകദേശം 500 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ സ്ഥിരീകരിക്കുന്നു. തെക്കന്‍ ഇറാനിലെ ബന്തര്‍ ഖമീറില്‍ പാലത്തിന് നേരെ ഉണ്ടായ ആക്രണത്തില്‍ രണ്ട് പെണ്‍കുട്ടികളടക്കം എട്ട് പേര്‍ മരിച്ചതായി ഇന്ത്യയിലെ ഇറാന്‍ എമ്പസി എക്സിലൂടെ അറിയിച്ചിട്ടുണ്ട്.

യുഎസ് സൈനികരുടെ മരണത്തിന് പിന്നാലെ കനത്ത ആക്രമണമാണ് സെറ്റ്കോം നടത്തുന്നത്. ഇറാനിലെ മുഴുവന്‍ പാലങ്ങളും ആണവ നിലയങ്ങളും ആക്രമിക്കാനാണ് ആഹ്വാനം. ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകളെ ആക്രമിക്കാനും ഭീഷണി മുഴക്കാനുമുള്ള ഇറാന്റെ ധൈര്യത്തെ തന്നെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കന്‍ നിലപാട്. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ നിലനിര്‍ത്തിയാല്‍ അവിടേക്ക് ആക്രമണം തുടരുമെന്നാണ് ഇറാനും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സമാധാന ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കാന്‍ മധ്യസ്ഥ രാജ്യങ്ങളായ പാകിസ്താനും തുര്‍ക്കിയുമടക്കം ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നുണ്ട്.

Content Highlight: Iran has claimed it carried out drone attacks on two United States military bases in Kuwait amid the ongoing West Asia conflict

dot image
To advertise here,contact us
dot image