യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക; പുതിയ യാത്രാ-കസ്റ്റംസ് നിയമങ്ങൾ അറിയാം

വിമാനത്തിൽ കയറുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ട ഡിജിറ്റൽ ഫോമുകൾ മുതൽ സ്വർണ്ണം കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളിൽ വരെ 2026-ൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക; പുതിയ യാത്രാ-കസ്റ്റംസ് നിയമങ്ങൾ അറിയാം
dot image

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പതിവായി യാത്ര ചെയ്യുന്ന പ്രവാസികൾക്കായി യാത്രാ നടപടികളിലും കസ്റ്റംസ് നിയമങ്ങളിലും ഇന്ത്യ പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിമാനത്തിൽ കയറുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ട ഡിജിറ്റൽ ഫോമുകൾ മുതൽ സ്വർണ്ണം കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളിൽ വരെ 2026-ൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഇന്ത്യയിലേക്ക് പോകുന്നതിന് മുമ്പ് പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്;

  1. എയർ സുവിധ നിർബന്ധം

വിമാനത്തിൽ കയറുന്നതിന് മുൻപ് പൂരിപ്പിക്കേണ്ട ഓൺലൈൻ ആരോഗ്യ ഡിക്ലറേഷൻ ഫോമായ 'എയർ സുവിധ' കേന്ദ്ര സർക്കാർ വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്. കൂടുതൽ ഫീച്ചറുകളോടെ ഇതിന്റെ പുതിയ പതിപ്പായ 'എയർ സുവിധ 2.0' ആണ് നിലവിൽ വന്നിരിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ പടർന്നുപിടിക്കുന്ന 'എബോള/ബുണ്ടിബുഗ്യോ' വൈറസ് ബാധയെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ മുൻകരുതൽ.

യാത്രയ്ക്ക് 24 മണിക്കൂർ മുമ്പ് വരെ ഈ സെൽഫ് ഡിക്ലറേഷൻ ഫോം ഓൺലൈനായി പൂരിപ്പിക്കാം. ഔദ്യോഗിക വെബ്‌സൈറ്റ് airsuvidha.civilaviation.gov.in ആണ്. വെബ്‌സൈറ്റിൽ ഫോം പൂരിപ്പിച്ച ശേഷം ഡൗൺലോഡ് ചെയ്ത് ലഭിക്കുന്ന ഡിജിറ്റൽ കോപ്പി ഇന്ത്യയിലെത്തുമ്പോൾ എയർപോർട്ടിലെ ഹെൽത്ത് ഡെസ്കിലോ ഇമിഗ്രേഷൻ കൗണ്ടറിലോ കാണിച്ചാൽ മതിയാകും. ലാൻഡിങ്ങിന് ശേഷം മറ്റ് പേപ്പർ ഫോമുകൾ പൂരിപ്പിക്കേണ്ടതില്ല.

  1. ഒസിഐ കാർഡുകൾ ഇനി ഫോണിൽ സൂക്ഷിക്കാം

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുള്ള പ്രവാസികൾക്കായി കേന്ദ്ര സർക്കാർ പുതിയ 'ഇ-ഒസിഐ' സംവിധാനം ഏർപ്പെടുത്തി. ഒസിഐ കാർഡിന്റെ ഡിജിറ്റൽ രൂപം ഇനിമുതൽ സ്മാർട്ട്‌ഫോണിൽ സൂക്ഷിക്കാം. എയർപോർട്ടിലെ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഇത് കാണിച്ചാൽ വേഗത്തിൽ പരിശോധന പൂർത്തിയാകും.

നിലവിലുള്ള ഒസിഐ ബുക്ക്‌ലെറ്റുകൾ ഇപ്പോഴും പൂർണ്ണമായും സാധുവാണ്. എന്നാൽ കൂടുതൽ വേഗതയ്ക്കും സൗകര്യത്തിനുമായി ഡിജിറ്റൽ കാർഡ് ഉപയോഗിക്കാം. ഔദ്യോഗിക ഒസിഐ പോർട്ടലിൽ ലോഗിൻ ചെയ്ത് ഇത് മൊബൈലിലേക്ക് ഡൗൺലോഡ് ചെയ്യാം.

  1. വിദേശ പൗരന്മാർക്ക് ഇ-അറൈവൽ കാർഡ് നിർബന്ധം

വിദേശ പൗരന്മാർ ഇന്ത്യയിലെത്തുമ്പോൾ വിമാനത്താവളങ്ങളിൽ പൂരിപ്പിച്ചു നൽകിയിരുന്ന പരമ്പരാഗത പേപ്പർ അറൈവൽ കാർഡുകൾ പൂർണ്ണമായും നിർത്തലാക്കി. 2026 ഏപ്രിൽ മുതൽ ഡിജിറ്റൽ 'ഇ-അറൈവൽ കാർഡ്' കർശനമാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകൾ, ബിസിനസ്സ് യാത്രക്കാർ, ഒസിഐ കാർഡുള്ള വിദേശ പൗരന്മാർ എന്നിവരുൾപ്പെടെ ഇന്ത്യ സന്ദർശിക്കുന്ന എല്ലാ വിദേശികൾക്കും ഇത് ബാധകമാണ്. ഇന്ത്യയിലെത്തുന്നതിന് 72 മണിക്കൂർ മുൻപെങ്കിലും ഈ ഫോം ഓൺലൈനായി സമർപ്പിച്ചിരിക്കണം. ഔദ്യോഗിക വെബ്‌സൈറ്റ് indianvisaonline.gov.in ആണ്.

  1. സ്വർണ്ണം കൊണ്ടുവരുന്നതിൽ വലിയ ഇളവുകൾ

പുതിയ 'കസ്റ്റംസ് ബാഗേജ് റൂൾസ് 2026' പ്രകാരം യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണ്ണം കൊണ്ടുവരുന്ന പ്രവാസി മലയാളിൾക്ക് വലിയ ഇളവുകളാണ് ലഭിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്ന പണത്തിന്റെ മൂല്യപരിധി സർക്കാർ പൂർണ്ണമായും ഒഴിവാക്കി. നികുതിയില്ലാതെ കൊണ്ടുവരാവുന്ന സ്വർണ്ണാഭരണങ്ങളുടെ അളവ് വനിതകൾക്ക് പരമാവധി 40 ഗ്രാം വരെയാണ്. പുരുഷന്മാർക്ക് പരമാവധി 20 ഗ്രാം വരെയും സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം.

മുമ്പ് 40 ഗ്രാം, 20 ഗ്രാം തൂക്ക പരിധിയോടൊപ്പം യഥാക്രമം 1,00,000 രൂപ, 50,000 രൂപ എന്നിങ്ങനെ പരമാവധി പണത്തിന്റെ മൂല്യപരിധി കൂടിയുണ്ടായിരുന്നു. നിലവിലെ ഉയർന്ന സ്വർണ്ണവില കാരണം ഈ പണത്തിന്റെ പരിധി പ്രവാസികൾക്ക് ബുദ്ധിമുട്ടായിരുന്നു. പുതിയ നിയമപ്രകാരം പണത്തിന്റെ പരിധി പൂർണ്ണമായും ഒഴിവാക്കി. വിപണി വില എത്രയായാലും നിശ്ചയിച്ചിട്ടുള്ള തൂക്കത്തിൽ സ്വർണ്ണം കൊണ്ടുവരുന്നതിന് നികുതി നൽകേണ്ടതില്ല.

ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിച്ച പ്രവാസി ഇന്ത്യക്കാർക്കോ ടൂറിസ്റ്റുകൾക്കോ മാത്രമേ ഈ നികുതിയിളവിന് അർഹതയുള്ളൂ. കുറഞ്ഞ കാലയളവിന് ശേഷം നാട്ടിലേക്ക് പോകുന്നവർക്ക് ഈ ഇളവ് ലഭിക്കില്ല. വിമാനത്തിൽ എത്തുന്നവർക്ക് മാത്രമാണ് ഈ ഇളവ്.

നിശ്ചിത തൂക്കത്തിലും (40 ഗ്രാം / 20 ഗ്രാം) കൂടുതൽ സ്വർണ്ണമുണ്ടെങ്കിൽ അതിന് പൂർണ്ണമായ കസ്റ്റംസ് ഡ്യൂട്ടി നൽകേണ്ടിവരും. ഇതിനായി ഒറിജിനൽ പർച്ചേസ് ഇൻവോയ്സ് (ബിൽ) കയ്യിൽ കരുതുകയും എയർപോർട്ടിലെ 'റെഡ് ചാനൽ' വഴി സ്വർണ്ണം ഉണ്ടെന്ന് ഡിക്ലെയർ ചെയ്ത് കൃത്യമായി നികുതി അടയ്ക്കുകയും വേണം. അല്ലാത്തപക്ഷം പിഴയും നിയമനടപടികളും നേരിടേണ്ടി വരും.

Content Highlights: Travellers flying from the UAE to India need to follow updated travel and customs guidelines. The new rules are aimed at ensuring smoother airport procedures and compliance with regulations.

dot image
To advertise here,contact us
dot image