യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിൽ പ്രൈസ് ടാഗ് തട്ടിപ്പ്; ഷെൽഫിലും ബില്ലിങ് കൗണ്ടറിലും വ്യത്യസ്ത വില

ഷെൽഫുകളിൽ ആകർഷകമായ ഓഫർ വില കണ്ട് സാധനങ്ങൾ ട്രോളിയിൽ നിറയ്ക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കൾ, കൗണ്ടറിലെത്തുമ്പോൾ വലിയ തുക നൽകേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്

യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിൽ പ്രൈസ് ടാഗ് തട്ടിപ്പ്; ഷെൽഫിലും ബില്ലിങ് കൗണ്ടറിലും വ്യത്യസ്ത വില
dot image

യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഷെൽഫുകളിൽ രേഖപ്പെടുത്തിയ വിലയേക്കാൾ കൂടുതൽ തുക ബില്ലിങ് കൗണ്ടറിൽ ഈടാക്കുന്നതായി വ്യാപക പരാതി ഉയരുന്നു. പ്രത്യേകം ഓഫറുകൾ പ്രഖ്യാപിച്ച ഉത്പ്പന്നങ്ങളിലാണ് ഇത്തരത്തിൽ വലിയ തോതിൽ അധികതുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ബില്ലിങ് കൗണ്ടറുകളിൽ ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്നത് പതിവായതോടെ, സാധനങ്ങൾ വാങ്ങിയ ശേഷം ബില്ലുകൾ കൃത്യമായി പരിശോധിച്ച് തുക ഉറപ്പുവരുത്തണമെന്ന് എമിറേറ്റ്‌സ് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ കർശന നിർദ്ദേശം നൽകി.

ഷെൽഫുകളിൽ ആകർഷകമായ ഓഫർ വില കണ്ട് സാധനങ്ങൾ ട്രോളിയിൽ നിറയ്ക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കൾ, കൗണ്ടറിലെത്തുമ്പോൾ വലിയ തുക നൽകേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉദാഹരണത്തിന്, 15 ദിർഹം വില രേഖപ്പെടുത്തിയ ഒരു പ്രൊമോഷണൽ ഉത്പ്പന്നത്തിന് കൗണ്ടറിൽ സ്കാൻ ചെയ്തപ്പോൾ 26 ദിർഹം വരെ ഈടാക്കിയ സംഭവങ്ങൾ ഉപഭോക്താക്കൾ തെളിവ് സഹിതം ചൂണ്ടിക്കാണിക്കുന്നു. ആകർഷകമായ ഓഫറുകൾ കാണിച്ച് ഉപഭോക്താക്കളെ ആകർഷിച്ച ശേഷം ഉയർന്ന തുക ഈടാക്കുന്ന ഇത്തരം രീതികൾ ഉപഭോക്തൃ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അസോസിയേഷൻ വ്യക്തമാക്കി.

ഇത്തരം സാമ്പത്തിക ചൂഷണങ്ങളിൽ വീഴാതിരിക്കാൻ അസോസിയേഷൻ ഉപഭോക്താക്കൾക്കായി അഞ്ച് പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. പണം അടച്ച ഉടൻ തന്നെ ബില്ലിങ് കൗണ്ടറിൽ വെച്ച് രസീതുകൾ കൃത്യമായി പരിശോധിക്കുക, വലിയ സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുള്ള പ്രൈസ് സ്കാനറുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നതിന് മുൻപ് തന്നെ വില ഉറപ്പാക്കുക എന്നിവയാണ് ആദ്യ പടികൾ. വിലയിൽ വ്യത്യാസം കണ്ടെത്തുകയാണെങ്കിൽ തെളിവായി ഷെൽഫിലെ പ്രൈസ് ടാഗിന്റെ ഫോട്ടോ എടുത്തു വെക്കണം. തുടർന്ന് ഉടൻ തന്നെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് ഷെൽഫിൽ കണ്ട ശരിയായ വിലയ്ക്ക് തന്നെ ഉത്പ്പന്നം നൽകാൻ ആവശ്യപ്പെടണം. സ്റ്റോർ അധികൃതർ ഇതിന് തയ്യാറാകാത്ത പക്ഷം, തെളിവുകൾ സഹിതം പ്രാദേശിക സാമ്പത്തിക വികസന വകുപ്പുകളിൽ ഔദ്യോഗികമായി പരാതി നൽകാനും അസോസിയേഷൻ ആവശ്യപ്പെടുന്നു.

അതേസമയം, വിലയിലെ ഇത്തരം പൊരുത്തക്കേടുകൾ മനഃപൂർവം ചെയ്യുന്നതല്ലെന്നും സാങ്കേതികവും പ്രവർത്തനപരവുമായ പിഴവുകൾ മൂലമാണ് സംഭവിക്കുന്നതെന്നുമാണ് റീട്ടെയിൽ വ്യാപാരികളുടെ വിശദീകരണം. പ്രൊമോഷണൽ ഓഫറുകളുടെ കാലാവധി അവസാനിക്കുമ്പോൾ കമ്പ്യൂട്ടർ സിസ്റ്റത്തിൽ വിലകൾ പഴയപടിയാകുമെങ്കിലും, ഷെൽഫുകളിൽ സ്ഥാപിച്ച ഓഫർ ബോർഡുകളും പ്രൈസ് ടാഗുകളും മാറ്റാൻ ജീവനക്കാർ മറന്നുപോകുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ കാരണം എന്തുതന്നെയായാലും ഷെൽഫിലെ വിലയും ബില്ലിലെ വിലയും ഒന്നുതന്നെയായിരിക്കണമെന്നും, എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങൾ കണ്ടാൽ ഉപഭോക്താക്കൾ മടിക്കാതെ പ്രതികരിക്കണമെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.

Content Highlights: Consumers in the UAE have raised concerns over price mismatches in some hypermarkets, with products displaying one price on shelves and a higher price at billing counters. Authorities have reminded retailers to comply with consumer protection regulations and ensure transparent pricing.

dot image
To advertise here,contact us
dot image