ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ

ഹോർമോസ്ഗാൻ പ്രവിശ്യയിൽ ഇന്ന് പുലർച്ചെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ
dot image

തെഹ്റാൻ: ഇറാനെതിരെ ആക്രമണം തുടർന്ന് അമേരിക്ക. ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം കിഷ്, ഖെഷം ദ്വീപുകൾ, ബുഷെഹർ, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തെക്കൻ ഇറാനിലെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഇന്ന് അഞ്ച് സ്ഫോടനങ്ങൾ ഉണ്ടായതായാണ് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ ഇന്ന് പുലർച്ചെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബുഷെഹർ, ചാബഹാർ, ജാസ്ക്, കോനാറക്, അബു മൂസ, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ ഇന്നലെ വ്യാപക ആക്രമണം നടത്തിയതാണ് അമേരിക്കൻ സൈന്യത്തിൻ്റെ അവകാശവാദം.

അമേരിക്കൻ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ​ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും ആക്രമണങ്ങൾ നടത്തി. കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ ആക്രമണം. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് കപ്പലുകളെ ലക്ഷ്യമിട്ടതായും ഇറാൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ ബഹ്‌റൈനിലേക്ക് നിരവധി മിസൈൽ ആക്രമണങ്ങൾ നടത്തി. ഇറാനിൽ നിന്ന് തൊടുത്ത നാല് മിസൈലുകൾ ജോർദാന്റെ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടുവെന്നാണ് ജോർദാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ പെട്ര റിപ്പോർട്ട് ചെയ്യുന്നത്. യുഎഇയുടെ രണ്ട് എണ്ണകപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട രണ്ട് സൂപ്പർടാങ്കറുകളെ ആക്രമിച്ച് പ്രവർത്തനരഹിതമാക്കി എന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ അവകാശവാദം.

'പിക്കാക്സ് മൗണ്ടൻ' ആക്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിക്കാക്സ് മൗണ്ടൻ ആക്രമിക്കുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി യാഥാർഥ്യമായാൽ അതിന് വിനാശകരമായ തിരിച്ചടി നൽകുമെന്നാണ് ഇറാനിലെ ഒരു മുതിർന്ന സുരക്ഷാ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. യുദ്ധത്തിലൂടെയോ അമേരിക്കൻ ആക്രമണത്തിലൂടെയോ ഹോർമുസ് കടലിടുക്ക് ഒരിക്കലും തുറക്കില്ലെന്ന് ഇറാനിയൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രമീനിയയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനിയൻ ജനതയുടെ അവകാശങ്ങളെ മാനിക്കുന്നതിലൂടെയാണ് ഹോർമുസ് കടലിടുക്ക് തുറക്കാനാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്തസാക്ഷിയായ ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവിന്റെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നും മുഹമ്മദ് അക്രമീനിയ വ്യക്തമാക്കിയിട്ടുണ്ട്.

ഹോർമൂസ് കടലിടുക്കിൽ യുഎഇ എണ്ണകപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിൽ ഇറാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇറാന്റെ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചത്. യുഎഇയുടെ 'മൊംബാസ', 'അൽ ബാഹിയ' എന്നീ എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഒമാൻ കടൽത്തീരത്തുവെച്ചാണ് ഇറാന്റെ ക്രൂസ് മിസൈൽ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ ജീവനക്കാരൻ മരണപ്പെടുകയും മറ്റ് ആറ് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജീവൻ നഷ്ടപ്പെട്ട നാവികന്റെ കുടുംബത്തെ അബുദാബിയിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി അനുശോചനം അറിയിച്ചു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഇന്ത്യൻ നാവികർക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും അവർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.

Content Highlights: The United States has launched fresh military strikes on Iran, escalating tensions across the Middle East. In response, Iran has targeted American military bases in the Gulf, raising fears of a wider regional conflict.

dot image
To advertise here,contact us
dot image