

ഭാവി നഗരവികസനത്തിന് പുതിയ വേഗം പകർന്ന് ദുബായിൽ രണ്ട് ബില്യൺ ദിർഹത്തിന്റെ വൻകിട റോഡ് പദ്ധതി വരുന്നു. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർറ്റ് അതോറിറ്റി, ലത്തീഫ ബിൻത് ഹംദാൻ കോറിഡോർ വികസന പദ്ധതിയുടെ കരാർ ഒപ്പിട്ടു. ദുബായിലെ പ്രധാന റോഡ് ശൃംഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 12 കിലോമീറ്റർ ദൈർഘ്യമുള്ള ഈ തന്ത്രപ്രധാന പാത നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും.
നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് അനുസൃതമായി ഗതാഗതം കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലത്തീഫ ബിൻത് ഹംദാൻ കോറിഡോർ പദ്ധതി ഒരുങ്ങുന്നത്. 12 കിലോമീറ്റർ നീളമുള്ള ഈ പാതയിൽ ആകെ 2,300 മീറ്റർ നീളമുള്ള ഏഴ് പാലങ്ങളും 900 മീറ്റർ നീളമുള്ള എട്ട് തുരങ്കങ്ങളും ഉൾപ്പെടുന്നു. അത്യാധുനിക എഞ്ചിനീയറിങ് മികവോടെയുള്ള ഈ നിർമ്മാണം ദുബായിലെ പ്രധാന വികസന മേഖലകളെ തമ്മിൽ വേഗത്തിൽ ബന്ധിപ്പിക്കും.
നിലവിലുള്ള പ്രധാന പാതകൾക്കിടയിൽ വേഗതയേറിയ ഒരു ബദൽ റൂട്ട് ഒരുക്കുക വഴി കവലകളിലെയും അനുബന്ധ പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് വലിയ രീതിയിൽ കുറയ്ക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഇത് സമീപപ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശം പൂർണ്ണമായും ഇല്ലാതാക്കും.
റോഡ് വികസനം വെറുമൊരു ഗതാഗത സൗകര്യം എന്നതിലുപരി മേഖലയിലെ റിയൽ എസ്റ്റേറ്റ്, ബിസിനസ്സ് നിക്ഷേപങ്ങൾക്കും വലിയ ഉണർവ്വേകും. പുതിയ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പദ്ധതികൾക്ക് കൂടുതൽ മികച്ച കണക്റ്റിവിറ്റി ലഭിക്കുന്നത് ദുബായിലെ ഭൂമിയുടെ മൂല്യം വർദ്ധിപ്പിക്കും. ആവശ്യങ്ങൾക്കും മുന്നേ അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ നിർമ്മിച്ച് ലോകത്തിലെ ഏറ്റവും കണക്റ്റഡ് ആയതും ജീവിക്കാൻ അനുയോജ്യമായതുമായ നഗരമായി മാറാനുള്ള ദുബായിയുടെ ദീർഘവീക്ഷണ പദ്ധതിയുടെ ഭാഗമാണ് ലത്തീഫ ബിൻത് ഹംദാൻ കോറിഡോർ.
Content Highlights: Dubai is set to develop a 12-kilometre strategic road as a solution to growing traffic congestion. The project aims to enhance connectivity and improve the efficiency of the city’s transport network.