യുഎഇയില്‍ അവധി ആഘോഷിക്കാന്‍ ഒരുങ്ങുകയാണോ? വാഹനയാത്രയിലെ ചെറിയ അശ്രദ്ധയില്‍ 3400 ദിര്‍ഹം വരെ നഷ്ടമാകാം

യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ പിഴ നല്‍കേണ്ടി വരുമെന്നാണ് വിദഗ്ദര്‍ പറയുന്നത്

യുഎഇയില്‍ അവധി ആഘോഷിക്കാന്‍ ഒരുങ്ങുകയാണോ? വാഹനയാത്രയിലെ ചെറിയ അശ്രദ്ധയില്‍ 3400 ദിര്‍ഹം വരെ നഷ്ടമാകാം
dot image

യുഎഇയില്‍ വേനല്‍ക്കാല അവധി ആഘോഷിക്കുന്ന തിരക്കിലായിരിക്കും മിക്കവരും. ആഘോഷിക്കാന്‍ പറ്റിയ സ്ഥലങ്ങളെ കുറിച്ചും അവിടേക്കുള്ള യാത്രയെപ്പറ്റിയും താമസ സൗകര്യത്തെക്കുറിച്ചുമെല്ലാം വലിയ രീതിയിലുള്ള ആലോചനകള്‍ എല്ലാവരും നടത്താറുണ്ട്. എന്നാല്‍ യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ പിഴ നല്‍കേണ്ടി വരുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കുട്ടികളെ ഫ്രണ്ട് സീറ്റില്‍ ഇരുത്തുക, കുട്ടികളുടെ സീറ്റില്ലാതെ യാത്ര ചെയ്യുക, വാഹനത്തിലെ ഓവര്‍ ലോഡ്, യാത്രയ്ക്കിടെ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ വീഴ്ചകള്‍ വന്നാല്‍ 3400 ദിര്‍ഹം വരെ പിഴ നല്‍കേണ്ടി വരും.

യാത്രയ്ക്ക് നിങ്ങള്‍ ഒരുങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് കുട്ടികളുടെ സുരക്ഷയാണ്. യുഎഇ ട്രാഫിക് നിയമം അനുസരിച്ച് നാല് വയസിന് താഴെയുള്ള കുട്ടികളെ അവര്‍ക്കായുള്ള ചൈല്‍ഡ് റീസ്‌ട്രെയ്ന്റ് സീറ്റില്‍ തന്നെ ഇരുത്തണം. ഇത് പാലിച്ചില്ലെങ്കില്‍ 400 ദിര്‍ഹം പിഴ ഈടാക്കും. മാത്രവുമല്ല, ഡ്രൈവര്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും.

10 വയസില്‍ കുറവോ 145 സെന്റീ മീറ്റര്‍ നീളത്തില്‍ കുറവോ ആയ കുട്ടികളെ മുന്നിലെ സീറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കരുത്. ഈ നിയമം തെറ്റിച്ചാല്‍ 400 ദിര്‍ഹമാണ് പിഴ. മുന്നിലെ സീറ്റിലെ എയര്‍ബാഗുകള്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നാണ് ഇതിനായി പറയുന്ന കാരണം. പിന്നിലെ സീറ്റില്‍ ഉള്‍പ്പെടെ ഇരിക്കുന്ന ആളുകള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ ഓരോ യാത്രക്കാരന്‍ വീതം ഡ്രൈവര്‍ 400 ദിര്‍ഹം പിഴ ഈടാക്കേണ്ടി വരും. യാത്രക്കാരന് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

ആളുകളെ കൊണ്ടും വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന സാധനങ്ങളും കൊണ്ട് കാര്‍ ഓവര്‍ലോഡ് ആകാറുണ്ട്. ഇത്തരത്തില്‍ ഓവര്‍ലോഡ് ആയാല്‍ യുഎഇയുടെ ട്രാഫിക് നിയമം പ്രകാരം 500 ദിര്‍ഹമാണ് പിഴ ഈടാക്കുക.

യാത്ര പുറപ്പെടുന്നതിന് മുമ്പ് ടയറുകളും പരിശോധിക്കണം. തേഞ്ഞതോ കാലാവധി കഴിഞ്ഞതോ ആയ ടയറുകള്‍ ഉപയോഗിച്ചുള്ള യാത്രയ്ക്ക് 500 ദിര്‍ഹമാണ് പിഴ. നാല് ബ്ലാക്ക് പോയിന്റുകള്‍ നല്‍കുകയും ഏഴ് ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ദിര്‍ഹം 800 ആണ് പിഴ. ഈ തെറ്റുകള്‍ എല്ലാം ഒരു വാഹനത്തില്‍ കണ്ടാല്‍ ആകെ 3400 ദിര്‍ഹം പിഴ കൊടുക്കേണ്ടി വരും.

കൃത്യമായ മുന്നറിയിപ്പും ബോധവല്‍ക്കരണവും നല്‍കിയിട്ടും നിയമലംഘനത്തിന് കുറവൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1010 യുഎഇ താമസക്കാരില്‍ റോഡ് സേഫ്റ്റിയും അല്‍ വത്ബ ഇന്‍ഷുറന്‍സും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ 24 ശതമാനം ആളുകള്‍ മാത്രമേ പിന്‍സീറ്റില്‍ ഇരിക്കുമ്പോഴും സീറ്റ് ബെല്‍റ്റിടാറുള്ളൂവെന്നാണ് പറയുന്നത്. അബുദാബിയിലെ 60 ശതമാനം റോഡ് അപകടങ്ങളും സംഭവിച്ചത് സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് കൊണ്ടാണെന്ന് അബുദാബി പൊലീസും പറയുന്നു.

Content Highlight: As many UAE residents head out for their summer holidays, travel plans often focus on destinations, accommodation, and itineraries. However, experts caution that overlooking important vehicle safety requirements and traffic regulations can lead to significant fines

dot image
To advertise here,contact us
dot image