

പ്രമുഖ റസ്റ്റോറന്റിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് പിഴ ചുമത്തി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്. 81000 ദിര്‍ഹമാണ് യുവതിക്ക് പിഴ ചുമത്തിയിരിക്കുന്നത്. റസ്റ്റോറന്റ് ഉടമയുടെ ബിസിനസ് രീതികളെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ആണ് യുവതി സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ റസ്റ്റോറന്റ് ഉടമ പരാതി നല്‍കുകയായിരുന്നു. തന്റെ വ്യക്തി ജീവിതത്തെയും ബിസിനസിലുള്ള പ്രശസ്തിയെയും മനപ്പൂര്‍വം ഇകഴ്ത്തുകയാണ് വീഡിയോയുടെ ഉദ്ദേശ്യമെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് വീഡിയോ മുന്‍നിര്‍ത്തി അന്വേഷണസംഘം യുവതിയെ ചോദ്യം ചെയ്തു. വീഡിയോ പകര്‍ത്തിയെന്നും തന്റെ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തെന്നും യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിമര്‍ശനം എന്ന രീതിയിലാണ് താന്‍ വീഡിയോ ചെയ്തതെന്നാണ് ചോദ്യം ചെയ്യലില്‍ പറയുന്നത്. എന്നാല്‍ റസ്റ്റോറന്റിന്റെ സേവനത്തെക്കുറിച്ചോ അവിടുത്തെ വിഭവങ്ങളെ കുറിച്ചോ ഉള്ള റിവ്യൂ ആയിരുന്നില്ല യുവതിയുടെ വീഡിയോ എന്നും അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ ആയിരുന്നുവെന്നും അന്വേഷണത്തില്‍ പറയുന്നു. വീഡിയോ അപകീര്‍ത്തിപ്പെടുത്തുന്നതും ഒരു വ്യക്തിയെ മനപ്പൂര്‍വം ലക്ഷ്യം വെക്കുന്നതുമായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തുകയും വീഡിയോ പിന്‍വലിക്കാന്‍ ഉത്തരവിടുകയുമായിരുന്നു. യുവതി വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണും കണ്ടുകെട്ടി. റസ്റ്റോറന്റ് ഉടമയ്ക്ക് 51,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു. പിന്നാലെ സാമൂഹ്യ മാധ്യമത്തിലൂടെ വ്യക്തികളെയോ സ്ഥാപനങ്ങളെയോ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ നിയമപരമായ അനന്തരഫലങ്ങളെ കുറിച്ചും അബുദാബി കോടതി ഊന്നിപ്പറഞ്ഞു. വിമര്‍ശനവും അപകീര്‍ത്തിപ്പെടുത്തലും തമ്മിലുള്ള അന്തരവും കോടതി ചൂണ്ടിക്കാട്ടി. ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ പറയാം. എന്നാല്‍ വ്യക്തിപരമായി ലക്ഷ്യം വെക്കുന്നതിനെ യുഎഇ നിയമം കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
മറ്റ് വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തിക്ക് വലിയ ശിക്ഷയാണ് യുഎഇ നിയമപ്രകാരം ലഭിക്കുക. മറ്റൊരു വ്യക്തിയെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്തിയാല്‍ ആ വ്യക്തിക്ക് രണ്ട് വര്‍ഷം വരെ ജയില്‍ തടവോ അല്ലെങ്കില്‍ 20000 ദിര്‍ഹം വരെ പിഴയോ ഒടുക്കേണ്ടി വരും. പീനല്‍കോഡിലെ ആര്‍ട്ടിക്കിള്‍ 425 പ്രകാരം ഇതിനെ ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. വാര്‍ത്തയിലോ അല്ലെങ്കില്‍ എതെങ്കിലും പ്രസിദ്ധീകരണത്തിലോ ആണ് ഇത്തരത്തില്‍ അപകീര്‍ത്തി പരാമര്‍ശം വരുന്നതെങ്കില്‍ അത് ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. ആര്‍ട്ടിക്കിള്‍ 426 പ്രകാരം പൊതു ഇടങ്ങളിലെ അപമാനം വ്യക്തിയുടെ അഭിമാനത്തിനും വ്യക്തിത്വത്തിനും കോട്ടം ഏല്‍പ്പിക്കുന്നു. യുഎഇ സൈബര്‍ കുറ്റകൃത്യ നിയമംപ്രകാരം തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നതും കടുത്ത ശിക്ഷകള്‍ ലഭിക്കുന്ന കുറ്റമാണ്. സൈബര്‍ നിയമം പ്രകാരം ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും 100,00 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.
Content Highlights: The Abu Dhabi Judicial Department imposed a fine on a social media influencer for publishing a video deemed defamatory against a prominent restaurant