കെ ടി ജലീലിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് കുറ്റകരവും അനുചിതവുമായ പെരുമാറ്റം,തെറ്റ് തിരുത്തണം:മന്ത്രി ബിന്ദു കൃഷ്ണ

കുട്ടികള്‍ക്ക് പരാതിയില്ലെങ്കിലും നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി

കെ ടി ജലീലിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് കുറ്റകരവും അനുചിതവുമായ പെരുമാറ്റം,തെറ്റ് തിരുത്തണം:മന്ത്രി ബിന്ദു കൃഷ്ണ
dot image

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കെ ടി ജലീലിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായത് തികച്ചും കുറ്റകരവും അനുചിതവുമായ പെരുമാറ്റമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കേരളത്തിലുള്ള എല്ലാവർക്കും അക്കാര്യം ബോധ്യമായി. കെ ടി ജലീൽ അദ്ദേഹത്തിൻ്റെ തെറ്റ് അംഗീകരിക്കണം. ഇപ്പോഴും അദ്ദേഹത്തിന് തെറ്റ് മനസിലായിട്ടില്ല എന്നതാണ് സംഭവത്തിൻ്റെ ഗുരുതര പ്രശ്നം. തെറ്റ് ജലീലിന് ബോധ്യപ്പെടുന്നില്ലെങ്കിൽ സിപിഐഎം അത് തിരുത്തണമെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ടറിനോടായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം.

Also Read:

കുട്ടികളോട് സംവദിക്കുകയായിരുന്നുവെന്ന് പറയുമ്പോഴും കുട്ടികളുടെ പൊതുവായന കുറഞ്ഞുവെന്ന് നിരീക്ഷിക്കുമ്പോഴും പൊതുവായന വിപുലീകരിക്കാന്‍ പൊതുവേദിയില്‍വെച്ച് ആക്ഷേപിക്കുന്നതാണോ ശരിയായ മാര്‍ഗം എന്നതുകൂടി ജലീല്‍ വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളോട് പെരുമാറേണ്ട രീതിയിലായിരുന്നില്ല ജലീലിൻ്റെ പ്രതികരണം. മറിച്ച് അവരുടെ ആത്മവിശ്വാസം കുറയ്ക്കുന്ന രീതിയിൽ അവരിൽ അപകര്‍ഷതാബോധം വളര്‍ത്തുന്ന രീതിയിലായിരുന്നു പ്രതികരണം. അത് തെറ്റാണെന്ന് ജലീലിന് ഇനിയെങ്കിലും ബോധ്യപ്പെടേണ്ടതുണ്ട്. അദ്ദേഹം അധ്യാപകനാണെങ്കിൽ കുട്ടികളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്. കുട്ടികള്‍ക്ക് പരാതിയില്ലെങ്കിലും നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

കെ ടി ജലീല്‍ വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന ആരോപണത്തിൽ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മന്ത്രി ബിന്ദു കൃഷ്ണയ്ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കെ ടി ജലീലിന്റെ ഭാഗത്ത് നിന്ന് തെറ്റുപറ്റിയതായാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

കഴിഞ്ഞദിവസം മണ്ണാർക്കാട് നഗരസഭ 19, 20, 22 വാർഡുകളുടെ വിജയോത്സവം ജലീൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിവാദത്തിനിടയാക്കിയ സംഭവം. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് അദ്ദേഹം ചോദിച്ചു. പിന്നാലെ വിലാസം തെറ്റിച്ച് എഴുതിയെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയ ഒരു കുട്ടിയുടെ ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. ഉദ്ഘാടനത്തിന് ശേഷം കുട്ടികളോട് സംസാരിക്കുകയായിരുന്നു കെ ടി ജലീല്‍. ഇത് കേട്ട് സദസിലും വേദിയിലും ഇരിക്കുന്നവർ ചിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ എംഎസ്എഫ് വിഷയത്തിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാലാവകാശകമ്മീഷന്‍ കേസ് എടുത്ത് ജയിലില്‍ അടയ്ക്കട്ടെയെന്നും മുന്‍കൂര്‍ ജാമ്യത്തിന് പോകില്ലെന്നും കെ ടി ജലീല്‍ പറഞ്ഞിരുന്നു.

Content Highlights: KT Jaleels Behaviour Was Completely Wrong and Inappropriate, Bindu Krishna

dot image
To advertise here,contact us
dot image