

യുഎഇയിലെ സ്വകാര്യ മേഖലയിൽ പ്രവാസി ജീവനക്കാരെ നിലനിർത്താൻ പുതിയ ആനുകൂല്യങ്ങളുമായി കമ്പനികൾ. ജീവനക്കാരുടെ ദീർഘകാല സുരക്ഷിതത്വത്തിനും മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകുന്ന ആനുകൂല്യങ്ങളാണ് ഇതിൻ്റെ പ്രധാന ആകർഷണം. ശമ്പളവർദ്ധനവിന് പരിമിതികളുള്ള സാഹചര്യത്തിലാണ് പരമ്പരാഗത ഇൻഷുറൻസിനും അപ്പുറം ആകർഷകമായ സുരക്ഷാ പാക്കേജുകളുമായി തൊഴിലുടമകൾ രംഗത്തെത്തുന്നത്.
യുഎഇയിൽ നിലവിൽ വാർഷിക ശമ്പളവർദ്ധനവ് വെറും നാല് ശതമാനത്തിൽ ഒതുങ്ങുന്ന പ്രതിഭാസമാണ് കണ്ടുവരുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ജീവനക്കാർ പെട്ടെന്ന് ജോലി രാജിവെച്ച് മറ്റ് അവസരങ്ങൾ തേടിപ്പോകുന്ന പ്രവണതയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ, വെറും ശമ്പളക്കൂടുതൽ മാത്രം നൽകി മികച്ച പ്രൊഫഷണലുകളെ ആകർഷിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ കമ്പനികൾ പുതിയ വഴികൾ തേടുകയാണ്.
വെറും പ്രതിമാസ ശമ്പളത്തിനപ്പുറം ദീർഘകാല സുരക്ഷിതത്വം, വ്യക്തിഗത വികസനം, മാനസികാരോഗ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന കമ്പനികളിലാണ് പ്രവാസികൾ ഇപ്പോൾ കൂടുതൽ വിശ്വാസമർപ്പിക്കുന്നത്. ജീവനക്കാരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് കോച്ചിങ്, പ്രത്യേക ലേണിങ് ബഡ്ജറ്റുകൾ എന്നിവയ്ക്ക് പുറമെ സാമ്പത്തിക സുരക്ഷിതത്വത്തിനായുള്ള ഇൻവെസ്റ്റ്‌മെന്റ് സ്കീമുകളും കമ്പനികൾ ഒരുക്കുന്നുണ്ട്. എൻഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റി തുക മികച്ച രീതിയിൽ നിക്ഷേപിക്കാനുള്ള സൗകര്യവും പുതിയ മാറ്റത്തിന്റെ ഭാഗമാണ്.
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ പോലുള്ള സാമ്പത്തിക ഹബ്ബുകളിലെ വൻകിട കമ്പനികളാണ് ജീവനക്കാർക്ക് വിൽപ്പത്രം തയ്യാറാക്കാനും അനന്തരാവകാശ ആസൂത്രണത്തിനുമുള്ള നിയമസഹായം നൽകാൻ ഇപ്പോൾ മുന്നോട്ട് വരുന്നത്. യുഎഇയിൽ വലിയ നിക്ഷേപങ്ങളും വസ്തുവകകളും സ്വന്തമാക്കുകയും കുടുംബമായി ദീർഘകാലം താമസിക്കുകയും ചെയ്യുന്ന പ്രവാസികൾക്ക് തങ്ങളുടെ ആസ്തികളും കുട്ടികളുടെ ഗാർഡിയൻഷിപ്പും സംരക്ഷിക്കാൻ ഇത്തരം വിൽപ്പത്രങ്ങൾ അത്യന്താപേക്ഷിതമാണ്. സങ്കീർണ്ണമായ നിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്ന ഇത്തരം ആനുകൂല്യങ്ങൾ ചുരുങ്ങിയ ചെലവിൽ ജീവനക്കാരോട് വലിയ കരുതൽ പ്രകടിപ്പിക്കാൻ കമ്പനികളെ സഹായിക്കുമെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തൽ.
Content Highlights: Private sector firms in the UAE are rolling out enhanced benefits, incentives, and support packages aimed at retaining expatriate employees. The move reflects increasing efforts to attract and keep skilled professionals in a competitive labor market.