

അബുദാബി ബിഗ് ടിക്കറ്റിന്റെ ഇന്നലെ നടന്ന ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പിൽ വൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് മലയാളിയായ കൃഷ്ണകുമാർ. ബഹ്റൈനിൽ ബിസിനസ്സുകാരനായ കൃഷ്ണ കുമാർ ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ടിക്കറ്റ് വിജയം സ്വന്തമാക്കിയത്. കൊവിഡ് കാലഘട്ടം മുതൽ ബിഗ് ടിക്കറ്റിന്റെ സ്ഥിരം കസ്റ്റമറാണ് കൃഷ്ണ കുമാർ. ചിലപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റെടുക്കും. മറ്റുചിലപ്പോൾ തനിച്ചും. ഇത്തവണ ഒറ്റയ്ക്കെടുത്ത ടിക്കറ്റിനാണ് കൃഷ്ണ കുമാറിന് കോടികളുടെ ഭാഗ്യം കൈവന്നിരിക്കുന്നത്.
ബഹ്‌റൈനിൽ 23 വർഷമായി റെസ്റ്റോറന്റ് ബിസിനസ്സ് നടത്തുകയാണ് 43-കാരനായ കൃഷ്ണകുമാർ. ബിഗ് ടിക്കറ്റിന്റെ 'ബൈ ടു ഗെറ്റ് ടു' എന്ന പ്രത്യേക പദ്ധതി വഴിയാണ് കൃഷ്ണ കുമാർ ടിക്കറ്റെടുത്തത്. അതായത് രണ്ട് ടിക്കറ്റെടുക്കുന്നവർക്ക് മറ്റ് രണ്ട് ടിക്കറ്റുകൾ സൗജന്യമായി ലഭിക്കും. അതിൽ സൗജന്യമായി ലഭിച്ച ഒരു ടിക്കറ്റിനാണ് കൃഷ്ണ കുമാറിന് ബിഗ് ടിക്കറ്റ് ഭാഗ്യം സ്വന്തമായത്.
കഴിഞ്ഞ മാസത്തിൽ 25 മില്യൺ (2.5 കോടി) ദിർഹത്തിന്റെ ബമ്പർ സമ്മാനം നേടിയ അബ്ദുൾ റഷീദ് അല്ലിപ്ര വളപ്പിൽ അബ്ദു എന്ന മലയാളി ഡ്രൈവർ ഇന്നത്തെ നറുക്കെടുപ്പ് ചടങ്ങിൽ അതിഥിയായി പങ്കെടുത്തിരുന്നു. കൃഷ്ണകുമാറിന്റെ ഭാഗ്യ ടിക്കറ്റ് തിരഞ്ഞെടുത്തതും അബ്ദുൾ റഷീദായിരുന്നു. 20 മില്യൺ ദിർഹമാണ് ബിഗ് ടിക്കറ്റ് സമ്മാനത്തുക. തത്സമയ നറുക്കെടുപ്പിനിടെ കൃഷ്ണ കുമാറിനെ സന്തോഷ വാർത്ത അറിയിക്കാനായി ഫോണിൽ വിളിച്ചെങ്കിലും സ്വിച്ചിഡ് ഓഫായിരുന്നു.
സമ്മാനത്തുക എങ്ങനെ ചിലവഴിക്കണമെന്ന് കുടുംബത്തോടൊപ്പം ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് കൃഷ്ണ കുമാറിന്റെ പ്രതികരണം. വിജയിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ശരിക്കും ഒരു വിറയലായിരുന്നു. ഇപ്പോഴും ഇക്കാര്യം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു.
Content Highlights: After seven years of consistent participation, a Malayali expatriate finally won a major Big Ticket prize. The winner achieved the life-changing victory with a ticket purchased alone, making the long wait worthwhile.