

ന്യൂഡിൽഹി: രാജ്യസഭയിലെ സിറ്റിംഗ് എം പി ജോർജ് കുര്യന് വീണ്ടും മത്സരിക്കാൻ അവസരം നൽകാതെ ബിജെപി. രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി പുറത്തിറക്കിയ പട്ടികയിൽ ജോർജ് കുര്യൻ്റെ പേരില്ല. നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ എം പിയാണ് ജോർജ് കുര്യൻ. നിലവിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് ജോർജ് കുര്യൻ.
രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പത്ത് സ്ഥാനാർത്ഥികളെയും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെ ഒരു സ്ഥാനാർത്ഥിയെയുമാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യപ്രദേശിൽ നിന്ന് തരുൺ ചുഗ്, രജനീഷ് അഗർവാൾ എന്നിവരാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗുജറാത്തിൽ നാല്, അരുണാചലിൽ ഒന്ന്, മണിപ്പൂരിൽ ഒന്ന്, രാജസ്ഥാനിൽ രണ്ട്, മധ്യപ്രദേശിൽ രണ്ട് എന്നിങ്ങനെയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് ബിജെപി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാർത്ഥികൾ.
ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച രാജ്യസഭാ സീറ്റിലേയ്ക്കായിരുന്നു ജോർജ് കുര്യനെ ബിജെപി മത്സരിപ്പിച്ചത്. എതിരില്ലാതെയായിരുന്നു ജോജ് കുര്യൻ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം മോദി മന്ത്രിസഭയിൽ സഹമന്ത്രി ആയിരിക്കെയായിരുന്നു ജോർജ് കുര്യൻ രാജ്യസഭയിലേയ്ക്ക് മത്സരിച്ചത്. കേരളത്തിൽ നിന്ന് ശോഭാ സുരേന്ദ്രൻ, കെ സുരേന്ദ്രൻ എന്നിവരിൽ ആരെയെങ്കിലും മോദി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ നിലവിൽ ബിജെപി പ്രഖ്യാപിച്ച രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ മലയാളികളാരും ഇടം പിടിച്ചിട്ടില്ല.
നാല് പതിറ്റാണ്ടിലേറെയായി ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ് ജോർജ് കുര്യൻ. യുവമോർച്ച ദേശീയ വൈസ് പ്രസിഡൻറ്, ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ തുടങ്ങി നിരവധി സുപ്രധാന സ്ഥാനങ്ങൾ ജോർജ് കുര്യൻ വഹിച്ചിട്ടുണ്ട്. 1980 കളിൽ ബിജെപി രൂപീകരിച്ചപ്പോൾ മുതൽ പാർട്ടിയുടെ ഭാഗമാണ് ജോർജ് കുര്യൻ.
BJP leader George Kurien is unlikely to get a Rajya Sabha seat again. With his term ending, the Union Minister of State is expected to resign from his ministerial position. Latest updates from Kerala politics.