

കോട്ടുവായ ഇടുന്നതിന് പിന്നില്‍ രസകരവും എന്നാല്‍ ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. എന്തുകൊണ്ടാണ് ഒരാള്‍ കോട്ടുവായ ഇടുന്നത്?. അതിന്റെ കാരണം അറിയാമോ?. അതുപോലെ ഒരാള്‍ കോട്ടുവായ ഇട്ടാല്‍ അടുത്തിരിക്കുന്ന ആളുകളും അങ്ങനെതന്നെ ചെയ്യാറുണ്ട്. കോട്ടുവായ അമിതമായാലും പ്രശ്‌നമാണ്. എന്തൊക്കെയാണ് ഇതിനൊക്കെ പിന്നിലുള്ള കാരണങ്ങള്‍ എന്നറിയാം.

ഉറക്കം വരുമ്പോള്‍ അല്ലെങ്കില്‍ ക്ഷീണിച്ചിരിക്കുമ്പോള്‍ നമ്മള്‍ ഇടയ്ക്കിടെ കോട്ടുവായ ഇടും അല്ലേ?. പ്രത്യേകിച്ച് ബോറടിച്ചിരിക്കുമ്പോള്‍. മൊത്തത്തില്‍ തളര്‍ച്ചായിരിക്കും ഈ അവസരത്തില്‍. ചിലപ്പോള്‍ നമ്മള്‍ കോട്ടുവായ ഇടുമ്പോള്‍ അടുത്തിരിക്കുന്ന ആളുകള്‍ക്കും കോട്ടുവായ ഇടാന്‍ ഒരു പ്രേരണ ഉണ്ടാകും. ഓരോ വ്യക്തിയും ഒരു ദിവസം 5 മുതല്‍ 19 തവണ വരെ ഇത്തരത്തില്‍ കോട്ടുവായ ഇടാറുണ്ട്. ദിവസം 100 തവണ വരെ കോട്ടുവായ ഇടുന്നവരുമുണ്ട്.
ഇനി വെറുതേ ഇരിക്കുമ്പോല്‍ കോട്ടുവായ ഇടുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. അപ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ തോന്നും. ഇത് എല്ലാവര്‍ക്കും സംഭവിക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.
നമ്മുടെ ശരീരത്തിന് കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമായി വരുമ്പോഴാണ് കോട്ടുവായ ഇടാന്‍ തോന്നുന്നത്. അതുകൊണ്ടുതന്നെ കോട്ടുവായ ഇടാന്‍ തോന്നുമ്പോള്‍ അത് ഒരിക്കലും തടഞ്ഞുനിര്‍ത്തരുത്.

വല്ലാതെ ക്ഷീണിച്ചിരിക്കുന്ന അവസരത്തില്‍ ചിലപ്പോള്‍ നിരന്തരമായി കോട്ടുവായ വരാറുണ്ട്. തലച്ചോറിലെ താപനില കുറയ്ക്കാനായി തലച്ചോര്‍ വളരെ പതുക്കെ പ്രവര്‍ത്തിക്കുകയും തല്‍ഫലമായി കോട്ടുവായ ഇടാനുള്ള ത്വര ഉണ്ടാവുകയും ചെയ്യുന്നു. നല്ലതുപോലെ ബോറടിച്ചിരിക്കുന്ന സമയത്ത് അടുപ്പിച്ച് കോട്ടുവായ ഇടാറുണ്ട്. ഇത്തരം അവസരങ്ങളില്‍ തലച്ചോറിന് കുറച്ച് കാര്യങ്ങള്‍ ഉഷാറാക്കണം എന്ന് തോന്നും. ഈ അവസരത്തില്‍ തലച്ചോര്‍ പതുക്കെ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഇതിന്റെ ഫലമെന്നോണം നമ്മള്‍ കോട്ടുവായ ഇടാന്‍ ആരംഭിക്കുകയും ചെയ്യും.
അതുപോലെ മറ്റൊരു തിയറി അനുസരിച്ച് നമ്മുടെ ശരീരം നന്നായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുമ്പോഴാണ് കോട്ടുവായ ഇടുന്നത് എന്നാണ്.
ബൈലര്‍ യൂണിവേഴ്സിറ്റി കോട്ടുവായ ഇടുന്നതിനു പിന്നിലെ രഹസ്യത്തെക്കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. അതില്‍ അവര്‍ പ്രധാനമായും ഊന്നല്‍ കൊടുത്തത് മറ്റൊരാള്‍ കോട്ടുവായ ഇടുമ്പോള്‍ നമുക്കും അങ്ങനെ ചെയ്യുവാന്‍ തോന്നാറുണ്ട്. എന്തുകൊണ്ടാണത് എന്നതിനെക്കുറിച്ചാണ്. ഇവര്‍ നടത്തിയ പഠനപ്രകാരം പറയുന്നത് നമുക്ക് മറ്റുള്ളവരോട് സഹാനുഭൂതി ഉള്ളതുകൊണ്ടാണ് നമുക്കും ഇത്തരത്തില്‍ കോട്ടുവായ ഇടുവാന്‍ തോന്നുന്നത് എന്നാണ്.

ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് എപ്‌നിയ
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ 15 മിനിറ്റിനുള്ളില്‍ നിങ്ങള്‍ മൂന്ന് തവണയില്‍ കൂടുതല്‍ കോട്ടുവായ ഇടുന്നുണ്ടെങ്കില്‍ ചില ആരോഗ്യ പ്രശ്നങ്ങളെയാകും സൂചിപ്പിക്കുന്നത്. അമിതമായ പകല്‍ ഉറക്കത്തിന് കാരണമാകുന്ന ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് എപ്നിയ പോലുള്ള ഒരു സ്ലീപ് ഡിസോര്‍ഡറിന്റെ ലക്ഷണമാകാം ഇത്.
രാത്രിയില്‍ നിങ്ങളുടെ ഉറക്കം പൂര്‍ത്തിയായില്ലെങ്കില്‍ അടുത്ത ദിവസം നിങ്ങള്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെടുകയും നിങ്ങള്‍ കൂടുതല്‍ കോട്ടുവായ ഇടുകയും ചെയ്യും. പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നവരിലും കോട്ടുവായ കൂടുതലായി ഉണ്ടാകാറുണ്ട്.

ചില മരുന്ന് കഴിക്കുന്നവരില്‍
ചില മരുന്നുകള്‍ ക്ഷീണവും മയക്കവും ഉണ്ടാക്കുന്നവയാണ്. അലര്‍ജി മരുന്നുകള്‍, ആന്റീ ഡിപ്രസന്റ്സ്, വേദനസംഹാരികള്‍ തുടങ്ങിയവ ഉപയോഗിക്കുന്നവരില്‍ ഇടക്കിടെ കോട്ടുവായ ഉണ്ടാകാറുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം അത്തരം മരുന്നുകള്‍ കഴിക്കുക. കോട്ടുവായ ഹൈപ്പോഗ്ലൈസീമിയയുടെ ആദ്യകാല ലക്ഷണമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറവാണെങ്കില്‍ കോട്ടുവായ ഇടാന്‍ തുടങ്ങും. അമിതമായ കോട്ടുവായ അനുഭവപ്പെടുകയാണെങ്കില്‍ വൈദ്യസഹായം തേടണം.
ബ്രെയിന്‍ ഡിസോര്‍ഡര്‍
പാര്‍ക്കിന്‍സണ്‍സ് രോഗം, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, മൈഗ്രെയ്ന്‍ തലവേദന തുടങ്ങിയ അവസ്ഥകള്‍ അമിതമായ കോട്ടുവായക്ക് കാരണമാകും.
ഉത്കണ്ഠ സമ്മര്‍ദ്ദം
ഉത്കണ്ഠ അഥവാ സമ്മര്‍ദ്ദം ഉള്ളവരില്‍ അമിതമായി കോട്ടുവായ ഇടാനുള്ള സാധ്യതയുണ്ട്. ഇത് ശ്വസന വ്യവസ്ഥയേയും ഹൃദയത്തെയും ബാധിക്കുന്നു. ഉത്കണ്ഠയോ പിരിമുറുക്കമോ ഉണ്ടാകുമ്പോള്‍ കോട്ടുവായ ഇടുന്നത് പിരിമുറുക്കത്തെ നേരിടാനുള്ള മാര്‍ഗ്ഗമാണ്.
ഹൃദയാഘാത സാധ്യത
പലപ്പോഴും കോട്ടുവായ ഹൃദയാഘാതത്തിന്റെ ലക്ഷണമായും കണക്കാക്കുന്നു. അധികമായി കോട്ടുവായ ഇടുന്നത് ഹൃദയത്തിന് ചുറ്റുമുള്ള രക്തസ്രാവത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. പലപ്പോഴും പ്രമേഹരോഗികളില്‍ അമിതമായി കോട്ടുവാ ഇടുന്നത് രക്തത്തില ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയയുടെ പ്രാഥമിക സൂചനയായിരിക്കാം. ഇത് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമല്ല. അതിനാല്‍ പരിഭ്രാന്തരാകേണ്ടതില്ല. കൂടാതെ ബ്രെയിന്‍ ട്യൂമര്‍ ഉള്ള ആളുകളില്‍ കോട്ടുവാ അധികമായി ഉണ്ടാകാറുണ്ട്.കരള്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങില്‍ ഒന്നു കൂടിയാണ് ഇത്.
(ഈ ലേഖനം വിവരങ്ങള്‍ നര്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഒരു ഡോകറുടെ സേവനം തേടേണ്ടതാണ്)
Content Highlights :When one person yawns, the person next to them will also do so without realizing it; even if you yawn more often, it is still bad.