

അബുദാബിയിലെ പ്രവാസികൾക്ക് വലിയ ആശ്വാസം പകർന്ന് വാടക വർദ്ധനവ് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താമസ-ബിസിനസ് കരാറുകൾ പുതുക്കുമ്പോൾ വാടക കൂട്ടാൻ അനുവദിക്കില്ല. വർഷാവർഷം അഞ്ച് ശതമാനം വരെ വാടക കൂട്ടാൻ വീട്ടുടമസ്ഥർക്ക് ഉണ്ടായിരുന്ന അവകാശമാണ് പുതിയ നിയമത്തോടെ ഇല്ലാതാകുന്നത്.
വർഷാവർഷം അഞ്ച് ശതമാനം വരെ വാടക വർദ്ധിപ്പിക്കാൻ വീട്ടുടമസ്ഥർക്ക് അനുവാദം നൽകിയിരുന്ന പഴയ നിയമം അസാധുവാക്കിക്കൊണ്ടാണ് അബുദാബി സർക്കാരിന്റെ പുതിയ ഉത്തരവ്. പുതിയ നിയമപ്രകാരം നിലവിലെ വാടക നിരക്കുകൾ അതേപടി മരവിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല, ഉയർന്ന വാടക ലക്ഷ്യമിട്ട് നിലവിലെ താമസക്കാരെ ഒഴിപ്പിക്കുന്നത് തടയാൻ വേക്കൻസി പ്രൊട്ടക്ഷൻ എന്ന കർശനമായ ക്ലോസും നിയമത്തിലുണ്ട്. ഇതനുസരിച്ച് ഒരു വാടകക്കാരൻ ഒഴിഞ്ഞുപോയാൽ പോലും അടുത്തതായി വരുന്ന ആളിൽ നിന്ന് പഴയ വാടക നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂ.
അബുദാബിയിലെ നിർബന്ധിത വാടക രജിസ്ട്രേഷൻ സിസ്റ്റമായ 'തൗതീഖ്' വഴി ഈ നിയമം കർശനമായി നടപ്പിലാക്കും. മുൻവർഷത്തേക്കാൾ ഉയർന്ന തുക രേഖപ്പെടുത്തിയാൽ തൗതീഖ് ഓൺലൈൻ സംവിധാനം ആ കരാർ ബ്ലോക്ക് ചെയ്യും. അബുദാബിയിലെ ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങൾക്കും സാധാരണക്കാരായ ബിസിനസുകാർക്കും വലിയൊരു ആശ്വാസമാണ് ഈ നിയമം.
വീട്ടുവാടക എപ്പോൾ വേണമെങ്കിലും കൂടിയേക്കാം എന്ന ആശങ്ക ഇല്ലാതാകുന്നതോടെ, പ്രവാസികൾക്ക് തങ്ങളുടെ മാസവരുമാനവും ജീവിതച്ചെലവുകളും കൃത്യമായി ആസൂത്രണം ചെയ്യാനാകും. പ്രത്യേകിച്ചും സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ, താമസച്ചെലവുകൾ സ്ഥിരമായി നിലനിൽക്കുന്നത് സാധാരണക്കാരുടെ വലിയൊരു മാനസിക-സാമ്പത്തിക ഭാരമാണ് ലഘൂകരിക്കുന്നത്. വാടക ചൂഷണങ്ങളിൽ നിന്ന് പ്രവാസികൾക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്ന ഈ നടപടി, അബുദാബിയിലേക്ക് കൂടുതൽ നിക്ഷേപകരെയും പ്രവാസികളെയും ആകർഷിക്കാൻ സഹായിക്കും.
Content Highlights: Abu Dhabi authorities have announced a temporary suspension of rent increases, providing significant relief to expatriates facing rising housing expenses. The move aims to stabilize the rental market.