വസ്ത്ര-തുണിത്തര മേഖലയിലെ മാലിന്യങ്ങൾ കുറയ്ക്കുക ലക്ഷ്യം; പുതിയ പദ്ധതിയുമായി യുഎഇ

യുഎഇ സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും പ്രമുഖ സ്ഥാപനങ്ങളും സംയുക്തമായാണ് ഈ വലിയ കൂട്ടായ്മയ്ക്ക് രൂപം നൽകിയിരിക്കുന്നത്.

വസ്ത്ര-തുണിത്തര മേഖലയിലെ മാലിന്യങ്ങൾ കുറയ്ക്കുക ലക്ഷ്യം; പുതിയ പദ്ധതിയുമായി യുഎഇ
dot image

വസ്ത്ര-തുണിത്തര മേഖലയിലെ മാലിന്യങ്ങൾ കുറയ്ക്കാനും പുനരുപയോഗം പ്രോത്സാഹിപ്പിക്കാനുമായി പുതിയ ദേശീയ പദ്ധതിയുമായി യുഎഇ. 'നസീജ്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. യുഎഇ സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും പ്രമുഖ സ്ഥാപനങ്ങളും സംയുക്തമായാണ് ഈ വലിയ കൂട്ടായ്മയ്ക്ക് രൂപം നൽകിയിരിക്കുന്നത്.

തുണിത്തരങ്ങൾ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന നിലവിലെ രീതിക്ക് പകരം, അവ പരമാവധി റീസൈക്കിൾ ചെയ്ത് പുനരുപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ 'നസീജ്' പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. യു.എ.ഇ സർക്കാരിന്റെ നാഷണൽ പ്രോജക്ട്സ് ഓഫീസ്, സാമ്പത്തിക-ടൂറിസം മന്ത്രാലയം, എമിറേറ്റ്സ് ഫൗണ്ടേഷൻ, തദ്‌വീർ ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യ ശേഖരണം, പൊതുജന ബോധവൽക്കരണം, പെരുമാറ്റ ഗവേഷണം, നയ രൂപീകരണം, നൂതന ബിസിനസ്സ് ആശയങ്ങൾ എന്നീ അഞ്ച് പ്രധാന മേഖലകളിൽ ഊന്നിയാണ് പദ്ധതിയുടെ പ്രവർത്തനം.

യുഎഇയിൽ മാത്രം പ്രതിവർഷം 2.2 ലക്ഷം ടൺ ടെക്സ്റ്റൈൽ മാലിന്യങ്ങളാണ് ഉണ്ടാകുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണാൻ ഫാഷൻ ബ്രാൻഡുകൾ, വസ്ത്ര നിർമ്മാതാക്കൾ, റീസൈക്ലിംഗ് സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവരെയെല്ലാം ഒരൊറ്റ കുടക്കീഴിൽ അണിനിരത്താൻ നസീജ് പദ്ധതിയിലൂടെ സാധിക്കും. യു.എ.ഇ.യുടെ 2031-ഓടെയുള്ള സർക്കുലർ ഇക്കോണമി നയങ്ങൾക്ക് വലിയൊരു ഊർജ്ജമായിരിക്കും ഈ പദ്ധതിയെന്ന് സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറി വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ജനകീയ പരിപാടിയായ "ദി ഫാബ്രിക് ഓഫ് പോസിബിലിറ്റി" ജൂൺ 5 മുതൽ 7 വരെ അബുദബി യാസ് മാളിൽ അരങ്ങേറും. വസ്ത്രങ്ങൾ പാഴാക്കാതെ എങ്ങനെ പുനരുപയോഗിക്കാമെന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് നൽകുന്ന പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. വരും വർഷങ്ങളിൽ രാജ്യത്തെ ടെക്സ്റ്റൈൽ മാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കാൻ ഈ പുതിയ ചുവടുവെപ്പിലൂടെ യു.എ.ഇക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: The UAE has introduced a sustainability initiative focused on reducing waste in the textile and clothing industry. The program encourages recycling, responsible production, and environmentally friendly practices to support long-term environmental goals.

dot image
To advertise here,contact us
dot image