

മലപ്പുറം: വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എസ്എന്‍ഡിപി യോഗം നേതാവ് വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ചതില്‍ വിമര്‍ശനവുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാക്കിര്‍. യുഡിഎഫ് നേതാക്കളെ പുലഭ്യം പറഞ്ഞയാളെ അങ്ങോട്ട് ചെന്ന് കണ്ടത് നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്ന് ഷാക്കിര്‍ വിമർശിച്ചു. ഭരണം വെറുതെ കിട്ടിയതല്ലെന്നും ഷാക്കിര്‍ പറഞ്ഞു. 'ക്ഷീര ദിന ആശംസയില്‍ രക്ഷപ്പെടാമെന്ന് കരുതരുത്. യുഡിഎഫിനെയും അതിന്റെ നേതാക്കളെയും അസഭ്യം പറഞ്ഞു നടന്ന വര്‍ഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ചത് അത്ര നിസാരവും നിഷ്‌കളങ്കവുമായി കാണാന്‍ കഴിയില്ല. ഭരണം വെറുതെ കിട്ടിയതല്ല. ഒരുപാട് മനുഷ്യരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമാണെന്ന് ഓര്‍മ്മയുണ്ടാവണം' എന്നാണ് ഷാക്കിര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ബിന്ദു കൃഷ്ണ വെളളാപ്പളളി നടേശനുമായി കൂടിക്കാഴ്ച്ച നടത്തിയതിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ എ ആബിദ് അലിയും രംഗത്തെത്തിയിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയതില്‍ വി ഡി സതീശനോടൊപ്പം തന്നെ പ്രധാന്യം അര്‍ഹിക്കുന്നയാളാണ് വെളളാപ്പളളി എന്ന സമുദായ നേതാവെന്നും അങ്ങനൊരു മഹാ മാന്ത്രികനെ ബിന്ദു കൃഷ്ണ കണ്ടതില്‍ തെറ്റൊന്നുമില്ല എന്നുമാണ് ആബിദ് അലിയുടെ പരിഹാസം. '102 സീറ്റോടുകൂടി യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ വി ഡി സതീശനോടൊപ്പം തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു പേരാണ് വെളളാപ്പളളി നടേശന്‍ എന്ന സമുദായ നേതാവിന്റേത്. അങ്ങനെയൊരു മഹാ മാന്ത്രികനെ ബിന്ദു കൃഷ്ണ കണ്ടതിലും കുമ്പിട്ടതിലും എനിക്ക് തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല': ആബിദ് അലി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മന്ത്രി ബിന്ദു കൃഷ്ണ വെളളാപ്പളളി നടേശന്റെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയത്. വെളളാപ്പളളിയുടെ മുന്നില്‍ ബിന്ദു കൃഷ്ണ കൈകൂപ്പി നില്‍ക്കുന്നതും അദ്ദേഹം തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെളളാപ്പളളി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ വെളളാപ്പളളിയെ കൂടെ നിര്‍ത്തിയതിന് എതിരെ കൂടിയാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയതെന്നും ബിന്ദു കൃഷ്ണ അത് മറക്കരുതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.
Content Highlights: youth league leader against bindu krishna meeting vellappally natesan