

ബംഗളൂരു: ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളൂരു നഗരത്തോട് വിടപറഞ്ഞ് ദുബായിലേക്ക് താമസം മാറ്റി ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്ഥാപകൻ. 'ഫെർമിയോൺ' എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സ്ഥാപകനായ മേഹുൽ മോഹനാണ് താൻ ബംഗളൂരു വിട്ട് അനിശ്ചിതകാലത്തേക്ക് ദുബായിലേക്ക് മാറുകയാണെന്ന വാർത്ത പങ്കുവെച്ചത്. ഇതൊരു സാമ്പത്തികപരമായ തീരുമാനമല്ലെന്നും, മറിച്ച് ഇന്ത്യയിലെ നിലവിലെ വ്യവസ്ഥിതികൾ തന്നെ പൂർണ്ണമായും മടുപ്പിച്ചത് കൊണ്ടാണെന്നും മേഹുൽ വ്യക്തമാക്കുന്നു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് മേഹുൽ ഈ കാര്യം പരസ്യപ്പെടുത്തിയത്. കുറച്ചുകാലമായി ബംഗളൂരുവിൽ തന്റെ ബിസിനസ്സ് വിപുലീകരിക്കാൻ ശ്രമിക്കുകയായിരുന്ന അദ്ദേഹം, ഒടുവിൽ മികച്ചൊരു വർക്ക്-ലൈഫ്-ബാലന്‍സ് തേടിയാണ് ദുബായ് തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.
"കഴിഞ്ഞ ആഴ്ച ഞാൻ ബംഗളൂരു വിട്ട് അനിശ്ചിതകാലത്തേക്ക് ദുബായിലേക്ക് മാറി. ഇതിന് പിന്നിലെ കാരണങ്ങൾ പലതുണ്ടെങ്കിലും ഇന്റർനെറ്റിലെ ചർച്ചകളിൽ അതിന്റെ യഥാർത്ഥ ഉദ്ദേശം നഷ്ടപ്പെട്ടുപോകുമെന്നതിനാൽ ഞാൻ അത് ഒഴിവാക്കുന്നു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയും എന്റെ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അത് വേണ്ടെന്നുവെച്ചു. ദുബായ് എന്റെ പുതിയ വീടായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," മേഹുൽ മോഹൻ കുറിച്ചു.
പിന്നീട് പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ തന്റെ തീരുമാനത്തിന് പിന്നിലെ മാനസികാവസ്ഥയും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്."ഇത് തീർച്ചയായും ഒരു സാമ്പത്തികപരമായ തീരുമാനമല്ല (എനിക്ക് വലിയ രീതിയിലുള്ള ക്രിപ്റ്റോ നിക്ഷേപങ്ങളോ ഫണ്ടുകളോ ഒന്നുമില്ല). എന്നാൽ മറ്റ് പല കാര്യങ്ങൾക്കുമൊപ്പം, നമ്മുടെ നാട്ടിലെ വ്യവസ്ഥിതി എന്നെ അല്പം ഭീകരമായിത്തന്നെ പൂർണ്ണമായും മടുപ്പിച്ചു കളഞ്ഞു എന്ന് പറയാം. ഇനി ഇതിൽ കൂടുതൽ വിശദീകരണങ്ങളില്ല."
മേഹുലിന്റെ ഈ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ട ഈ പോസ്റ്റിന് താഴെ നിരവധി യുവാക്കളും ഐ.ടി പ്രൊഫഷണലുകളും തങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളുമായി രംഗത്തെത്തി.
ഇന്ത്യൻ നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും അമിത ജോലിഭാരവും കാരണം തങ്ങളും സമാനമായ ചിന്തകളിലൂടെയാണ് കടന്നുപോകുന്നതെന്ന് പലരും കമന്റ് ചെയ്തു. ദുബായിലെ ജീവിതച്ചെലവുകൾ ബംഗളൂരുവുമായി താരതമ്യം ചെയ്താൽ എങ്ങനെയുണ്ടെന്നും, ഒരു കമ്പനിയുടെ ജോലി ഓഫർ ഇല്ലാതെ എങ്ങനെ ദുബായിലേക്ക് മാറാൻ സാധിക്കുമെന്നും ചില ഉപഭോക്താക്കൾ ചോദിക്കുന്നുണ്ട്. കൂടാതെ സാൻ ഫ്രാൻസിസ്കോയോ ബംഗളൂരുവോ പോലെ ദുബായിൽ ടെക്, എ.ഐ മേഖലകൾ വളർന്നു വരുന്നുണ്ടോ എന്നതിനെക്കുറിച്ചും ആളുകൾ മേഹുലിനോട് സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്.
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും വ്യവസായ സൗഹൃദ നയങ്ങളും തേടി ഇന്ത്യൻ സ്റ്റാർട്ടപ്പ് രംഗത്തെ പ്രമുഖർ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന പ്രവണതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.
Content Highlights: An Indian startup founder has left Bengaluru and relocated to Dubai, saying he was exhausted by the system and the challenges of running a business. His comments have sparked discussions about the business environment, regulatory hurdles, and the growing appeal of Dubai for entrepreneurs and startups.