

കൊല്ലം: വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എസ്എന്‍ഡിപി യോഗം നേതാവ് വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ചതില്‍ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ എ ആബിദ് അലി. യുഡിഎഫ് അധികാരത്തിലെത്തിയതില്‍ വി ഡി സതീശനോടൊപ്പം തന്നെ പ്രധാന്യം അര്‍ഹിക്കുന്നയാളാണ് വെളളാപ്പളളി എന്ന സമുദായ നേതാവെന്നും അങ്ങനൊരു മഹാ മാന്ത്രികനെ ബിന്ദു കൃഷ്ണ കണ്ടതില്‍ തെറ്റൊന്നുമില്ല എന്നുമാണ് ആബിദ് അലിയുടെ പരിഹാസം. '102 സീറ്റോടുകൂടി യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ വി ഡി സതീശനോടൊപ്പം തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു പേരാണ് വെളളാപ്പളളി നടേശന്‍ എന്ന സമുദായ നേതാവിന്റേത്. അങ്ങനെയൊരു മഹാ മാന്ത്രികനെ ബിന്ദു കൃഷ്ണ കണ്ടതിലും കുമ്പിട്ടതിലും എനിക്ക് തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല': ആബിദ് അലി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മന്ത്രി ബിന്ദു കൃഷ്ണ വെളളാപ്പളളി നടേശന്റെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയത്. വെളളാപ്പളളിയുടെ മുന്നില്‍ ബിന്ദു കൃഷ്ണ കൈകൂപ്പി നില്‍ക്കുന്നതും അദ്ദേഹം തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെളളാപ്പളളി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ വെളളാപ്പളളിയെ കൂടെ നിര്‍ത്തിയതിന് എതിരെ കൂടിയാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയതെന്നും ബിന്ദു കൃഷ്ണ അത് മറക്കരുതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. ബിന്ദു കൃഷ്ണയെപ്പോലെ പക്വതയില്ലാത്തവര്‍ സര്‍ക്കാരിനെ പറയിപ്പിക്കുമെന്നും ഇയാളെ 'താങ്ങിയതിന്റെ പേരിലാണ് കേരളത്തിലെ ഒരു 'രാജാവിന്റെ' പദവി നഷ്ടപ്പെട്ടതെന്ന് ഓര്‍ക്കണമെന്നും വിമര്‍ശനമുയര്‍ന്നു.
വിമർശനങ്ങളിൽ ബിന്ദു കൃഷ്ണയെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളം രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളി നടേശനെ മാത്രമല്ല മന്ത്രി സന്ദർശിച്ചതെന്ന് വിഷ്ണു പറഞ്ഞു. എന്‍എസ്എസ് ആസ്ഥാനത്തും കത്തോലിക്കാ സഭകളുടെ ആസ്ഥാനങ്ങളിലും മന്ത്രി സന്ദർശനം നടത്തി. ഇസ്‌ലാം മത നേതാക്കളെയും മന്ത്രി കാണുകയുണ്ടായി. എല്ലാവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോവുക എന്ന യുഡിഎഫ് നയമാണ് ബിന്ദു കൃഷ്ണ പിന്തുടര്‍ന്നതെന്നും അല്ലാതെ പ്രീണനമല്ലെന്നുമാണ് വിഷ്ണു പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിഷ്ണുവിൻ്റെ പ്രതികരണം.
Content Highlights: Nothing wrong with Bindu Krishna seeing Vellapalli Natesan; Youth Congress leader mocks