ദുബായ് ഭരണകൂടത്തിന്റെ സാമ്പത്തിക പാക്കേജ്; എമിറേറ്റിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് വിലയിരുത്തൽ

ഈ മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സാമ്പത്തിക ഇളവുകള്‍ ദുബായിലെ ടൂറിസം, വ്യാപാര മേഖലകള്‍ക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

ദുബായ് ഭരണകൂടത്തിന്റെ സാമ്പത്തിക പാക്കേജ്; എമിറേറ്റിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് വിലയിരുത്തൽ
dot image

ദുബായ് ഭരണകൂടം പ്രഖ്യാപിച്ച ഒരു ബില്ല്യണ്‍ ദിര്‍ഹത്തിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് എമിറേറ്റിലെ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ലംഘൂകരിക്കുന്നതിനും ബിസിനസ് മേഖലയുടെ വളര്‍ച്ചക്കും കാരണമാകുമെന്ന് വിലയിരുത്തല്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക ഇളവുകള്‍ ഉള്‍പ്പെടുന്ന പാക്കേജ് പ്രഖ്യാപിച്ചത്. റെസിഡന്‍സി പെര്‍മിറ്റുകള്‍ക്കുള്ള നടപടികള്‍ വേഗത്തിലാക്കലും സര്‍ക്കാര്‍ ഫീസുകളിലെ ഇളവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ദുബായിലെ ബിസിനസ് മേഖലയെയും താമസക്കാരെയും പിന്തുണയ്ക്കുന്നതിനായാണ് ഒരു ബില്ല്യണ്‍ ദിര്‍ഹത്തിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് ഭരണകൂടം പ്രഖ്യാപിച്ചത്. ഈ മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സാമ്പത്തിക ഇളവുകള്‍ ദുബായിലെ ടൂറിസം, വ്യാപാര മേഖലകള്‍ക്ക് വലിയ ആശ്വാസമാണ് പകരുന്നത്. സമ്പദ്‍വ്യവസ്ഥയുടെ പ്രതിരോധശേഷി, സന്നദ്ധത, ചടുലത എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി.

വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ബിസിനസുകള്‍ക്കും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ ഈ നടപടി സഹായകരമാകുമെന്നും ഷെയ്ഖ് ഹംദാന്‍ അഭിപ്രായപ്പെട്ടു. റെസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കുന്നതിലും പുതുക്കുന്നതിലും വലിയ മാറ്റമാണ് പാക്കേജില്‍ വരുത്തിയിരിക്കുന്നത്. ഇതുവഴി കമ്പനികള്‍ക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്ന നടപടി കൂടുതല്‍ എളുപ്പമാകും. കൂടുതല്‍ പ്രതിഭകളെ ദുബായിലേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലക്കും പ്രത്യേക പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ ഇറക്കുമതി-കയറ്റുമതി വ്യാപാരികളെ സഹായിക്കുന്നതിനായി കസ്റ്റംസ് ഡാറ്റയുമായി ബന്ധപ്പെട്ട ഗ്രേസ് പിരീഡ് 30 ദിവസത്തില്‍ നിന്നും 90 ദിവസമായും ഉയര്‍ത്തിയിട്ടുണ്ട്. ബിസിനസ് സംരംഭങ്ങളുടെ സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ ഫീസുകള്‍ അടയ്ക്കുന്നതിനും മൂന്ന് മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. അടിയന്തര സാമ്പത്തിക ബാധ്യതകളില്‍ നിന്ന് മോചനം നല്‍കുന്നതിലൂടെ നിക്ഷേപകര്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ സാമ്പത്തിക പാക്കേജ് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Content Highlights: Dubai government unveils economic package aimed at tackling financial challenges and boosting growth in the emirate.

dot image
To advertise here,contact us
dot image