പൊതുഗതാഗത രംഗത്ത് വലിയ മാറ്റവുമായി ദുബായ്; ഡ്രൈവറില്ലാ ടാക്സികൾ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി

ഊബര്‍ ആപ്പ് വഴി വിറൈഡ് വാഹനങ്ങളുടെ സേവനം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം

പൊതുഗതാഗത രംഗത്ത് വലിയ മാറ്റവുമായി ദുബായ്; ഡ്രൈവറില്ലാ ടാക്സികൾ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി
dot image

പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു ദുബായില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ചു. സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഘട്ടം ഘട്ടമായി വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ആര്‍ടിഎ വ്യക്തമാക്കി.

ദുബായിലെ ഉമ്മു സുഖീമിലും ജുമൈറയിലുമാണ് ഡ്രൈവറില്ലാ ടാക്‌സികള്‍ നിരത്തിലിറക്കിയത്. ആദ്യ ഘടത്തില്‍ നൂറ് ടാക്‌സികളാണ് സര്‍വീസ് നടത്തുക. എന്നാല്‍ ഘട്ടം ഘട്ടമായി വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. അപ്പോളോ ഗോ, വിറൈഡ് എന്നീ കമ്പനികളുമായി സഹകരിച്ചാണ് ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നത്.

ഊബര്‍ ആപ്പ് വഴി വിറൈഡ് വാഹനങ്ങളുടെ സേവനം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം. ദുബായ് ടാക്സി കമ്പനിയുമായി ചേര്‍ന്ന് അപ്പോളോ ഗോ ആപ്പ് വഴിയാകും ബെയ്ഡുവിന്റെ ഉപകമ്പനിയായ അപ്പോളോ ഗോയുടെ സേവനം നല്‍കുക. വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിന് പിന്നാലെയാണ് ഡ്രൈവിറില്ലാ ടാക്‌സികളുടെ വാണിജ്യാടിസ്ഥാനത്തിലുളള പ്രവര്‍ത്തിന് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തുടക്കംകുറിച്ചത്.

എഐ സങ്കേതിക വിദ്യയുടെ പിന്‍ബലത്തിലാണ് ഓട്ടോണമസ് ടാക്‌സികളുടെ പ്രവര്‍ത്തനം. വാഹനങ്ങളിലെ ക്യാമറകളും റെഡാര്‍ സംവിധാനവും റോഡ് കൃത്യമായി നിരീക്ഷിച്ച് സുരക്ഷിത യാത്ര ഉറപ്പാക്കുന്നു. ഗതാഗത നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച്, റോഡുകളിലെ ഇന്റര്‍സെക്ഷനുകള്‍, ട്രാഫിക് സിഗ്നലുകള്‍, കാല്‍നടയാത്രക്കാര്‍, മറ്റ് വാഹനങ്ങള്‍ എന്നിവ കൃത്യമായി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ വാഹനത്തിന് കഴിയും. ഹൈ ഡെഫനിഷന്‍ ഡിജിറ്റല്‍ മാപ്പുകളും വിവരങ്ങള്‍ തല്‍സമയം വിശകലനം ചെയ്ത് തീരുമാനമെടുക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര്‍ സിസ്റ്റമാണ് ടാക്സികളെ നിയന്ത്രിക്കുന്നത്. എത്ര തിരക്കേറിയ റോഡിലൂടെയും സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഡ്രൈവറില്ലാ വാഹനങ്ങള്‍.

Content Highlights: Dubai begins commercial operations of driverless taxis, introducing a major innovation in public transport and smart mobility in the UAE.

dot image
To advertise here,contact us
dot image