ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങളുമായി യുഎഇ; കോളേജ് അധ്യാപകർക്ക് ആരോഗ്യ സ്ഥാപനങ്ങളിൽ പ്രാക്ടീസ് ചെയ്യാം

ഇതോടെ മെഡിക്കൽ ഫാക്കൽറ്റി അംഗങ്ങൾക്ക് ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിൽ നേരിട്ട് സേവനം അനുഷ്ഠിക്കാൻ സാധിക്കും

ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങളുമായി യുഎഇ; കോളേജ് അധ്യാപകർക്ക് ആരോഗ്യ സ്ഥാപനങ്ങളിൽ പ്രാക്ടീസ് ചെയ്യാം
dot image

യുഎഇയുടെ ആരോഗ്യമേഖലയിലെ തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും യോഗ്യരായ പ്രൊഫഷണലുകളുടെ സേവനം വേഗത്തിൽ ലഭ്യമാക്കുന്നതിനുമായി ആരോ​ഗ്യ ലൈസൻസ് നൽകുന്നതിൽ മാറ്റങ്ങളുമായി അധികൃതർ. ഇതോടെ മെഡിക്കൽ ഫാക്കൽറ്റി അംഗങ്ങൾക്ക് ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിൽ നേരിട്ട് സേവനം അനുഷ്ഠിക്കാൻ സാധിക്കും. ഇത് അവരുടെ അക്കാദമിക് വൈദഗ്ധ്യം ചികിത്സാരംഗത്ത് നേരിട്ട് പ്രയോജനപ്പെടുത്താൻ സഹായിക്കുന്നു.

അതിനിടെ, തിരഞ്ഞെടുക്കപ്പെട്ട നഴ്സിംഗ്, അനുബന്ധ ആരോഗ്യ ബിരുദധാരികളെ ലൈസൻസിംഗിനായുള്ള ആറുമാസത്തെ പ്രവൃത്തിപരിചയ നിബന്ധനയിൽ നിന്നും ഒഴിവാക്കി. ഇത് അവർക്ക് തൊഴിൽ മേഖലയിലേക്ക് വേഗത്തിൽ പ്രവേശിക്കാൻ അവസരമൊരുക്കുന്നു. ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഉന്നതവിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം മാനവവിഭവശേഷി-സ്വദേശിവത്ക്കരണ മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്.

അക്കാദമിക് മേഖലയിലുള്ള മെഡിക്കൽ പ്രതിഭകൾക്ക് ആരോഗ്യമേഖലയിൽ നേരിട്ട് സംഭാവന നൽകാൻ അവസരമൊരുക്കുന്നതിനൊപ്പം നഴ്സിംഗ്-അനുബന്ധ ആരോഗ്യ ബിരുദധാരികൾക്ക് തൊഴിൽ മേഖലയിലേക്കുള്ള പ്രവേശനം വേഗത്തിലാക്കാനും ഈ തീരുമാനങ്ങൾ ലക്ഷ്യമിടുന്നു. ആരോ​ഗ്യ പരിചരണത്തിന്റെ ഉന്നത നിലവാരം നിലനിർത്തിക്കൊണ്ട് തന്നെ മനുഷ്യവിഭവശേഷിയുടെ മൂല്യം പരമാവധി പ്രയോജനപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

യോഗ്യതയും ക്ലിനിക്കൽ പരിചയവും ഉണ്ടെങ്കിൽ, അധ്യാപകർക്ക് (ഫാക്കൽറ്റി അംഗങ്ങൾ) ചികിത്സാ മേഖലയിൽ പ്രവർത്തിക്കുന്നതിന് നിയമപരമായ തടസ്സമുണ്ടാകില്ല. എന്നാൽ ഇവരുടെ അക്കാദമിക് ഉത്തരവാദിത്തങ്ങളും ഔദ്യോഗിക പ്രാക്ടീസും തമ്മിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാകാനും പാടില്ല.

രജിസ്റ്റർ ചെയ്ത നഴ്സുമാർ, അസിസ്റ്റന്റ് നഴ്സുമാർ, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻമാർ, റെസ്പിറേറ്ററി കെയർ ടെക്നീഷ്യൻമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ തുടങ്ങിയ പ്രത്യേക തസ്തികകൾക്ക് ആറുമാസത്തെ പ്രവൃത്തിപരിചയ നിബന്ധനയിൽ നിന്നുള്ള ഇളവ് ബാധകമാണ്.

യുഎഇക്ക് അകത്തും വിദേശത്തും ബിരുദം പൂർത്തിയാക്കിയവർക്ക് ഈ തീരുമാനം ബാധകമായിരിക്കും. ചികിത്സാ നിലവാരത്തിലോ രോഗി സുരക്ഷയിലോ വിട്ടുവീഴ്ച ചെയ്യാതെ തന്നെ, മറ്റ് അനുബന്ധ ആരോഗ്യ വിഭാഗങ്ങളെ ഇളവുകൾക്കായി ഓരോ കേസ് അടിസ്ഥാനത്തിൽ അധികൃതർ പരിശോധിക്കും.

Content Highlights: UAE introduces a key reform allowing college faculty to practice in healthcare institutions, aiming to strengthen medical education and patient care.

dot image
To advertise here,contact us
dot image