

രൂപയുടെ മൂല്യം കുറയുകയാണ്. ഈ സമയത്ത് വിദേശത്തുനിന്ന് നാട്ടിലേക്ക് പണമയക്കുമ്പോൾ കൂടുതൽ നേട്ടം കിട്ടും. ഒന്നു ശ്രദ്ധിച്ചാൽ കുറച്ചൂടി നേട്ടമുണ്ടാക്കാനായാലോ? ബാങ്കുകളുടെ സർവീസ് ചാർജും അന്നത്തെ വിനിമയ നിരക്കും ശ്രദ്ധിക്കുന്നത് പണം നേട്ടമെടുക്കാനായി സഹായിക്കും.
പ്രധാനമായും മൂന്ന് രീതികളാണ് വിദേശത്ത് നിന്നും പണമയക്കുന്നവർ സാധാരണയായി ഉപയോഗിക്കുന്നത്.
പേപാൽ
ഇതിൽ സൗകര്യം കൂടുതലാണ്. പക്ഷേ ചിലവും കൂടുതലാണ്. സാധാരണക്കാർക്ക് ഇമെയിൽ അഡ്രസ് മാത്രം ഉപയോഗിച്ച് പണം വാങ്ങാം എന്നുള്ളതാണ് ഇതിന്റെ ഗുണം. വളരെ എളുപ്പമാണ്. അയക്കുന്ന ആൾക്കും വാങ്ങുന്ന ആൾക്കും വലിയ നൂലാമാലകളില്ല.
എന്നാൽ നിങ്ങൾ വാങ്ങുന്ന തുകയുടെ ഏകദേശം 4% മുതൽ 5% വരെ സർവീസ് ചാർജ് ആയി പേപാൽ എടുക്കും. കൂടാതെ അവർ നൽകുന്ന എക്സ്ചേഞ്ച് റേറ്റ് (ഡോളറിന് പകരം രൂപയാക്കുമ്പോൾ കിട്ടുന്ന വില) ബാങ്കിനേക്കാൾ കുറവായിരിക്കും.
വളരെ ചെറിയ തുകകൾ, ഉദാഹരണത്തിന് 5,000 രൂപയിൽ താഴെ അയക്കുന്നവർക്ക് ഇത് സൗകര്യപ്രദമാണ്.

ഡയറക്റ്റ് ബാങ്ക് ട്രാൻസ്ഫർ
ബാങ്ക് അക്കൗണ്ട് നമ്പറും സ്വിഫ്റ്റ് കോഡും ഉപയോഗിച്ച് നേരിട്ട് ബാങ്കിലേക്ക് പണം അയക്കുന്ന രീതിയാണിത്. വലിയ തുകകൾ അയക്കുമ്പോൾ ഇത് പേപാലിനേക്കാൾ ലാഭകരമാണ്. സുരക്ഷിതവുമാണ്.
ഇതിന് ബാങ്കുകൾ ഒരു നിശ്ചിത ഫീസ് ഈടാക്കും. തുക കുറവാണെങ്കിലും ഈ ഫീസ് നൽകേണ്ടി വരും. പണം അക്കൗണ്ടിൽ എത്താൻ 3 മുതൽ 5 ദിവസം വരെ എടുത്തേക്കാം.
വലിയ തുകകൾ ഉദാഹരണത്തിന് 1 ലക്ഷം രൂപയ്ക്ക് മുകളിൽ അയക്കുന്നവർക്ക് ഇത് നല്ലതായിരിക്കും.
പുതിയ ആപ്പുകൾ
ഇന്ന് പലരും ഉപയോഗിക്കുന്ന ഏറ്റവും ലാഭകരമായ രീതിയാണിത്. ഇതിൽ ചാർജ് വളരെ കുറവാണ്. ഗൂഗിളിൽ കാണുന്ന അതേ എക്സ്ചേഞ്ച് റേറ്റിന് അടുത്ത തുക നിങ്ങൾക്ക് ലഭിക്കും. ആദ്യമായി ഉപയോഗിക്കുമ്പോൾ ഐഡി കാർഡ് നൽകി വെരിഫിക്കേഷൻ ചെയ്യേണ്ടി വരും.
ചെറിയ തുകയാണെങ്കിൽ പെട്ടെന്ന് പണം കിട്ടാൻ പേ പാൽ ഉപയോഗിക്കാം.
കൂടുതൽ ലാഭം വേണമെങ്കിൽ വൈസ് അല്ലെങ്കിൽ റെമിറ്റ്‌ലി പോലുള്ള ആപ്പുകൾ വഴി ബാങ്ക് ട്രാൻസ്ഫർ ചെയ്യാം.
വളരെ വലിയ തുകയാണെങ്കിൽ, നേരിട്ട് ബാങ്ക് ട്രാൻസ്ഫർ ചെയ്യുക.
പണം അയക്കുന്ന സമയത്തെ എക്സ്ചേഞ്ച് റേറ്റ് എത്രയാണെന്നും ബാങ്ക് എത്ര രൂപ ഫീസ് എടുക്കുന്നുണ്ടെന്നും മുൻകൂട്ടി ചോദിച്ചറിയുന്നത് എപ്പോഴും നല്ലതാണ്.
Content Highlights : Always compare service charges and exchange rates before transferring money