'പാറ്റ് കമ്മിൻസിന്റെ അഭാവം മൈതാനത്ത് ഞങ്ങളെ ബാധിക്കുന്നില്ല'; SRH മുഖ്യ പരിശീലകന്‍ ഡാനിയല്‍ വെട്ടോറി

ഇന്ത്യൻ പ്രീമിയർ ലീഗ് 19-ാം സീസണിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടത്തിന് മുന്നോടിയായി ഇഷാൻ കിഷനിൽ പൂർണ്ണ വിശ്വാസം അർപ്പിക്കുന്നതായി ടീം

'പാറ്റ് കമ്മിൻസിന്റെ അഭാവം മൈതാനത്ത് ഞങ്ങളെ ബാധിക്കുന്നില്ല'; SRH മുഖ്യ പരിശീലകന്‍ ഡാനിയല്‍ വെട്ടോറി
dot image

ഇന്ത്യൻ പ്രീമിയർ ലീഗ് 19-ാം സീസണിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടത്തിന് മുന്നോടിയായി ഇഷാൻ കിഷനിൽ പൂർണ്ണ വിശ്വാസം അർപ്പിക്കുന്നതായി ടീം. ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സിന് പരിക്കുപറ്റിയതിനെ തുടർന്നാണ് ഇഷാന് നായകപദവി നൽകിയത്. എന്നാൽ, പരിക്ക് മൂലം പുറത്തിരിക്കുന്ന പാറ്റ് കമ്മിന്‍സിന്റെ അഭാവം മൈതാനത്ത് ടീമിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയിക്കുകയാണ് മുഖ്യ പരിശീലകന്‍ ഡാനിയല്‍ വെട്ടോറി.

പുറം വേദനയെത്തുടര്‍ന്ന് വിശ്രമത്തിലുള്ള പാറ്റ് കമ്മിന്‍സിന് ഇതുവരെ ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിട്ടില്ല. 2025-ൽ നടന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പര മുതല്‍ ഏകദേശം 6 മാസത്തിലേറെയായി താരം പൂർണ്ണ വിശ്രമത്തിലാണ്. കഴിഞ്ഞ വർഷം ഡിസംബറില്‍ നടന്ന ആഷസ് പരമ്പരയിലെ ഒരു ടെസ്റ്റ് മത്സരത്തില്‍ അദ്ദേഹം മത്സരിച്ചെങ്കിലും പരിക്ക് വീണ്ടും വില്ലനായി. നിലവില്‍ താരം നെറ്റ്‌സില്‍ പന്തെറിഞ്ഞു തുടങ്ങിയെങ്കിലും പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കാത്തതിനാൽ സീസണിന്റെ പകുതിയോടെ മാത്രമേ ടീമിലേക്ക് മടങ്ങിയെത്താൻ സാധിക്കൂ എന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

'പാറ്റ് ടീമിനൊപ്പം തന്നെയുണ്ട്. തന്റെ ക്യാപ്റ്റന്‍സി ശൈലിയെക്കുറിച്ച് ഇഷാനുമായി അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്. ഇത് ഞങ്ങള്‍ക്ക് വലിയ സഹായമാണ്. എന്നാല്‍ ഇഷാന്‍ തന്റെ നായകസ്ഥാനത്ത് ഇതിനകം തന്നെ വിജയിച്ച വ്യക്തിയാണ്. ശൈലികള്‍ വ്യത്യസ്തമായിരിക്കാം, എങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തെ ഞങ്ങള്‍ പോസിറ്റീവായാണ് കാണുന്നത്.'കമ്മിന്‍സിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന ഇഷാന്‍ കിഷനെ പ്രശംസിച്ചുകൊണ്ട് വെട്ടോറി പറഞ്ഞു. ആർസിബിക്കെതിരായ ആദ്യ മത്സരത്തില്‍ ടീം തോറ്റെങ്കിലും ഇഷാൻ കിഷന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ക്യാപ്റ്റന്‍സി ഇഷാന്റെ ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും മികച്ച സ്വാധീനം ചെലുത്തുന്നുണ്ടെന്നും ടീമിനെ നയിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും വെട്ടോറി കൂട്ടിച്ചേര്‍ത്തു.

ആദ്യ മത്സരത്തില്‍ ആര്‍സിബിക്കെതിരെ വെറും 38 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയ ഇഷാന്‍ കിഷന് മാത്രമാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങാനായത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഇഷാനെ ഫില്‍ സാള്‍ട്ടിന്റെ അവിശ്വസനീയമായ ഒരു ക്യാച്ചിലൂടെയായിരുന്നു പുറത്താക്കിയിരുന്നത്. മുന്‍നിര ബാറ്റിംഗില്‍ ഇഷാന്റെ ഈ പ്രകടനം കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലും ടീമിന് മുതൽക്കൂട്ടാകും.

Content highlight: SRH coach Daniel Vettori on the absence of Pat Cummins

dot image
To advertise here,contact us
dot image