'അവൻ തിരിച്ചുവരും'; വരുൺ ചക്രവർത്തിയെ പിന്തുണച്ച് കൊല്‍ക്കത്ത കോച്ച് അഭിഷേക് നായര്‍

കെകെആറിനെ സംബന്ധിച്ചിടത്തോളം അവരുടെ ആരാധകര്‍ക്കിടയില്‍ ടീമിലെ സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയുടെ ഫോമിലെ ഇടിവ് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്

'അവൻ തിരിച്ചുവരും'; വരുൺ ചക്രവർത്തിയെ പിന്തുണച്ച് കൊല്‍ക്കത്ത കോച്ച് അഭിഷേക് നായര്‍
dot image

കെകെആറിനെ സംബന്ധിച്ചിടത്തോളം അവരുടെ ആരാധകര്‍ക്കിടയില്‍ ടീമിലെ സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയുടെ ഫോമിലെ ഇടിവ് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാൽ, ആ ആശങ്കകളെല്ലാം മാറ്റിവച്ച് താരത്തിന് പൂര്‍ണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ടീം മാനേജ്മെന്റ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു കൊല്‍ക്കത്ത കോച്ച് അഭിഷേക് നായർ വരുണിന്റെ ഫോമിനെ കുറിച്ച് പ്രതികരിച്ചത്.

'കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വരുണ്‍ ചക്രവർത്തി ഒരുപാട് വെല്ലുവിളികളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ഒരു ഫ്രാഞ്ചൈസി എന്ന നിലയിലും സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്ന നിലയിലും ഞങ്ങള്‍ അദ്ദേഹത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. എതിര്‍ ടീമുകള്‍ ഇപ്പോള്‍ അദ്ദേഹത്തെ നന്നായി തന്നെ നേരിടാൻ കഴിയുന്നുണ്ടാകാം. എന്നാല്‍ അദ്ദേഹത്തിന് തിരിച്ചുവരാന്‍ കഴിയില്ല എന്ന് അതിന് അർത്ഥമില്ല.' അഭിഷേക് പറഞ്ഞുവെച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വരുണ്‍ ഇപ്പോള്‍ മാനസികമായി കൂടുതല്‍ കരുത്തനാണെന്നും കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ വരുണിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും താരം ഉടന്‍ തന്നെ തന്റെ താളം വീണ്ടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐപിഎല്‍ പുതിയ സീസൺ വരുണിന് അത്ര സുഖകരമായ തുടക്കമായിരുന്നില്ല കിട്ടിയിരുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയും റയാന്‍ റിക്കല്‍ട്ടണും ചേര്‍ന്ന് വരുണിനെ കടന്നാക്രമിച്ചപ്പോള്‍ നാല് ഓവറില്‍ പിറന്നത് 48 റണ്‍സായിരുന്നു. ടി20 ലോകകപ്പില്‍ 14 വിക്കറ്റുകള്‍ നേടി വരുൺ ജസ്പ്രീത് ബുംറയ്ക്കൊപ്പം വിക്കറ്റ് വേട്ടയില്‍ മുന്നിലായിരുന്നെങ്കിലും, 9.24 എന്ന ഉയര്‍ന്ന എക്കോണമി റേറ്റ് അദ്ദേഹത്തിന് തിരിച്ചടി തന്നെയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ 47 റണ്‍സ് വഴങ്ങിയത് വലിയ ചർച്ചകൾക്കും വഴിവച്ചിരുന്നു.

Content highlights: Kolkata Knight Riders coach Abhishek Nair supports Varun Chakravarthy

dot image
To advertise here,contact us
dot image