

ശൈത്യകാല അവധിക്ക് ശേഷം യുഎഇയിലെ സ്‌കൂളുകള്‍ നാളെ തുറക്കും. കഴിഞ്ഞ മാസം എട്ടിനാണ് രാജ്യത്തെ സ്‌കൂളുകളില്‍ ശൈത്യകാല അവധി ആരംഭിച്ചത്. പരീക്ഷാക്കാലം കൂടിയാണ് ഇനി വരാനിരിക്കുന്നത്. ക്രിസ്മസ് ആഘോഷത്തിനും പുതുവര്‍ഷാഘോഷത്തിനും ശേഷമാണ് വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തുന്നത്.
അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോയവരും വിനോദയാത്രക്കായി മറ്റു രാജ്യങ്ങളിലേക്ക് പോയവരില്‍ ഭൂരിഭാഗവും തിരികെയെത്തിയിട്ടുണ്ട്. ഏഷ്യന്‍ വിദ്യാലയങ്ങളില്‍ വാര്‍ഷിക പരീക്ഷകളുടെയും പഠനപ്രവര്‍ത്തനങ്ങളുടെയും കാലം കൂടിയാണ് വരാനിരിക്കുന്നത്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ അടുത്തമാസം നടക്കും. ഇതേ ക്ലാസുകളിലെ പ്രായോഗിക പരീക്ഷകള്‍ ഈ മാസം തന്നെ തുടങ്ങുന്ന രീതിയിലാണ് ടൈംടേബിള്‍ ക്രമീകരിച്ചിരിക്കുന്നത്. കേരള പാഠ്യപദ്ധതി സ്‌കൂളുകളിലെയും10, 12 ക്ലാസുകളിലെയും വാര്‍ഷിക പരീക്ഷ മാര്‍ച്ചിലാണ്.
യുഎഇ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും ഏഷ്യന്‍ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും രണ്ടാം പാദത്തിന്റെ ആരംഭത്തിന് കൂടിയാണ് നാളെ തുടക്കം കുറിക്കുന്നത്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ പ്രത്യേക സുരക്ഷാ നിര്‍ദേശങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചു. സ്‌കൂള്‍ ബസ് എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പെങ്കിലും കുട്ടികള്‍ ബസ് സ്‌റ്റോപ്പില്‍ എത്തണം. കുട്ടികളെ ബസില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്‌റ്റോപ്പ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്നും ഡ്രൈവര്‍മാര്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
സ്റ്റോപ്പ് ബോര്‍ഡ് നീക്കി ബസ് പുറപ്പെട്ടാല്‍ മാത്രമെ മറ്റ് വാഹനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ അനുവാദമുള്ളു. നിയമലംഘകര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ലൈസന്‍സില്‍ പത്ത് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. സ്‌കൂള്‍ പരിസരത്ത് വേഗപരിധി പാലിക്കണമെന്നും സീബ്രാക്രോസിങ്ങുകളില്‍ കാല്‍ നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നതടക്കമുളള നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
Content Highlights: Schools in the UAE will reopen tomorrow following the holiday break. Students are set to return to classrooms, resuming their academic activities after the vacation period, as per official announcements from the education authorities.