വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ ശക്തമാക്കും; ഇന്ത്യയും യുഎഇ ചർച്ചയിൽ ധാരണ

ഹരിത ഹൈഡ്രജന്‍, പുനരുപയോഗ ഊര്‍ജം, എണ്ണ,വാതകം തുടങ്ങിയ മേഖലകളിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കും

വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ ശക്തമാക്കും; ഇന്ത്യയും യുഎഇ ചർച്ചയിൽ ധാരണ
dot image

ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ധാരണ. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെയും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്റെയും സംയുക്ത അധ്യക്ഷതയില്‍ അബുദാബിയില്‍ ചേര്‍ന്ന അഞ്ചാമത് സ്ട്രാറ്റജിക് ഡയലോഗിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

അബുദാബിയില്‍ നടന്ന അഞ്ചാമത് സ്ട്രാറ്റജിക് ഡയലോഗില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘവും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇരുരാജ്യങ്ങളിലെയും നിക്ഷേപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാനുള്ള സംരംഭങ്ങള്‍ പുതിയ സഹകരണമേഖലകള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയായി.

ഹരിത ഹൈഡ്രജന്‍, പുനരുപയോഗ ഊര്‍ജം, എണ്ണ,വാതകം തുടങ്ങിയ മേഖലകളിലെ നിക്ഷേപം വര്‍ധിപ്പിക്കും. പ്രതിരോധ സാമഗ്രികളുടെ സംയുക്ത ഉത്പാദനം, സൈനികാഭ്യാസങ്ങള്‍, സാങ്കേതിക കൈമാറ്റം എന്നിവയുടെ സാധ്യതകളും ചര്‍ച്ച ചെയ്തു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇരുരാജ്യങ്ങളും കൈകോര്‍ക്കാനും ഈ വിഷയത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും തീരുമാനിച്ചു.

സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ ബന്ധങ്ങളും സഹകരണവും വര്‍ദ്ധിപ്പിക്കും. തന്ത്രപ്രധാന പങ്കാളിത്തവും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി.

Content Highlights: India, UAE agree to further strengthen trade and investment ties

dot image
To advertise here,contact us
dot image