തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമം; പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള ബില്ലിനെതിരെ എം വി ഗോവിന്ദൻ

'നിയന്ത്രണത്തിന്റെ കാരണം പുറത്ത് പറയുന്നതല്ല. നിരോധിക്കാന്‍ പല കാരണങ്ങള്‍ പറയുന്നുണ്ട്. ഇതെല്ലാം വര്‍ഗീയവാദികളുടെ ലക്ഷണങ്ങളാണ്'

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമം; പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള ബില്ലിനെതിരെ എം വി ഗോവിന്ദൻ
dot image

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ 19 സിനിമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒടുവില്‍ കേന്ദ്രം പ്രദര്‍ശനാനുമതി നല്‍കിയെന്നും ഉയര്‍ന്നുവന്ന പ്രതിഷേധത്തിനൊടുവിലാണ് ഇതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നിയന്ത്രണത്തിൻ്റെ കാരണം പുറത്ത് പറയുന്നതല്ല. നിരോധിക്കാന്‍ പല കാരണങ്ങള്‍ പറയുന്നുണ്ട്. ഇതെല്ലാം വര്‍ഗീയവാദികളുടെ ലക്ഷണങ്ങളാണ്.' എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

ചലച്ചിത്ര മേള നടക്കുമ്പോൾ അക്കാദമി ചെയർമാൻ സ്ഥലത്തില്ലാത്ത് സംബന്ധിച്ച് സംവിധായകന്‍ ഡോ. പി ബിജു ഉയർത്തിയ വിമർശനത്തിനും എം വി ഗോവിന്ദൻ മറുപടി പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥലത്തില്ല എന്നത് വാസ്തവമാണെന്നും അത് സംഘാടനത്തെ ബാധിച്ചിട്ടില്ല, നേരത്തെ തീരുമാനിച്ച പരിപാടിയിലാണ് ചെയര്‍മാന്‍ പോയതെന്നുമായിരുന്നു എം വിഗോവിന്ദൻ്റെ വിശദീകരണം. ഐഎഫ്എഫ്‌കെയില്‍ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതോടെ സംസ്ഥാന സര്‍ക്കാരിനെയും ചലച്ചിത്ര അക്കാദമിയെയും വിമര്‍ശിച്ച് പി ബിജു രംഗത്തെത്തിയിരുന്നു. 'പ്രദര്‍ശന അനുമതിക്ക് അപേക്ഷ കൊടുത്തത് വൈകിയാണെന്ന ആരോപണം വന്നിരുന്നു. ഇത്തരം വാദഗതികള്‍ എപ്പോളും അവര്‍ ഉയര്‍ത്തുന്നതാണ്.' എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള ബില്ലിനെതിരെ എം വി ഗോവിന്ദന്‍ ആഞ്ഞടിച്ചു. മഹാത്മാഗാന്ധിയുടെ പേര് മാറ്റിയിട്ട് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാക്കി പദ്ധതിയെ മാറ്റുകയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. 'പദ്ധതി പ്രാവര്‍ത്തികമാക്കാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരായി രാജ്യത്ത് മുഴുവന്‍ പ്രതിഷേധം രൂപപ്പെടണം. കേരളത്തില്‍ എല്‍ഡിഎഫ് ശക്തമായ സമരം നടത്തും.' എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 19 സിനിമകള്‍ക്കായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഇതിന് പിന്നാലെ കേരളത്തിലെ രാഷ്ട്രീയ പ്രമുഖരും ആക്ടീവിസ്റ്റുകളുമടക്കം നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. സെന്‍സര്‍ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് സിനിമകള്‍ക്ക് പ്രദര്‍ശിപ്പിക്കാനുളള അനുമതി നിഷേധിച്ചത്. പലസ്തീന്‍ പ്രമേയമായതും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്നതുമായ ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സിനിമകള്‍ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റോടെയാണ് സാധാരണ പ്രദര്‍ശിപ്പിക്കാറുളളത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.

Content Highlight; 'Finally, the Center has given permission for the exhibition, the decision comes after the protests that erupted'; MV Govindan

dot image
To advertise here,contact us
dot image