

തിരുവനന്തപുരം: വി സി നിയമനത്തില്‍ ഗവര്‍ണര്‍- സര്‍ക്കാര്‍ സമവായമായി. സിസ തോമസിനെ കെടിയു (എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി) വൈസ് ചാന്‍സലറാക്കി ഉത്തരവിറക്കി. ലോക്ഭവനാണ് ഉത്തരവിറക്കിയത്. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാല വി സിയായും നിയമിച്ച് ഉത്തരവിറക്കി. ഗവര്‍ണറുടെ നോമിനിയാണ് സിസ തോമസ്. ഗവര്‍ണര്‍- മുഖ്യമന്ത്രി കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് നിര്‍ണായക തീരുമാനം. ഇരുവരുടെയും നിയമനം നാലുവര്‍ഷത്തേക്കാണ്.
കേരള ശാസ്‌ത്ര സാങ്കേതിക സർവകലാശാല, കേരള ഡിജിറ്റൽ സർവകലാശാലാ വി സി നിയമനത്തിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമവായത്തിൽ എത്തുന്നതിൽ സർക്കാരും ഗവർണറും പരാജയപ്പെട്ടിരുന്നു. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകാരമുള്ള മുൻഗണനാ ക്രമം നിശ്ചയിച്ച് ഗവർണർക്ക് കൈമാറണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശം. രണ്ടാഴ്ചയ്ക്കകം ചാൻസലർ കൂടിയായ ഗവർണർ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി നൽകിയ പേരുകളിൽ എന്തെങ്കിലും വിയോജിപ്പോ അഭിപ്രായ വ്യത്യാസമോ ഉണ്ടെങ്കിൽ ചാൻസലർക്ക് അക്കാര്യം അറിയാക്കാമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
എന്നാൽ ഈ നിലയിൽ മുഖ്യമന്ത്രി മുൻഗണന നിശ്ചയിച്ച് പേരുകൾ കൈമാറിയിട്ടും തീരുമാനം എടുക്കാൻ ഗവർണർ കാലതാമസം വരുത്തിയത് സുപ്രീം കോടതിയുടെ വിമർശനത്തിന് വഴിതെളിച്ചിരുന്നു. സ്ഥിരം വി സിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്നും പറഞ്ഞിരുന്നു. വി സി നിയമനത്തിനായി മുദ്ര വെച്ച് കവറിൽ ഓരോ പേരുകൾ വീതം നൽകാൻ സുപ്രീം കോടതി സുധാൻശു ധൂലിയ കമ്മിറ്റിയോട് നിർദ്ദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടത്തുകയും ഇരുവിഭാഗവും സമവായത്തിലെത്താൻ തീരുമാനിച്ചതും.
Content Highlights: sisa Thomas KTU VC, Saji Gopinathinath Digital University VC: lokbhavan circular