

യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിന് പുതിയതായി 311 റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ക്ക് കൂടി അനുമതി നല്‍കി മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം. അംഗീകാരമുള്ള കൂടുതല്‍ സ്ഥാപനങ്ങളുടെ കടന്നുവരവ് വ്യാജ റിക്രൂട്ട്‌മെന്റുകളും തട്ടിപ്പുകളും തടയാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും റിക്രൂട്ട്‌മെന്റ് സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ കേന്ദ്രങ്ങള്‍ക്ക് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് പുറമെ അനുബന്ധ സേവനങ്ങള്‍, നിയമപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ കേന്ദ്രങ്ങള്‍ വഴി ലഭ്യമാകും.
മന്ത്രാലയം അംഗീകരിച്ച മാനദണ്ഡങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടായിരിക്കണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. അംഗീകാരമുള്ള കൂടുതല്‍ സ്ഥാപനങ്ങള്‍ നിലവില്‍ വരുന്നതോടെ വ്യാജ റിക്രൂട്ട്മന്റുകളും അതുവഴിയുളള തട്ടിപ്പുകളും കുറയുമെന്നാണ് വിലയിരുത്തല്‍. വീസ, യാത്രാ ടിക്കറ്റ് എന്നിവയ്ക്കായി ഏജന്റുമാരിലേക്കോ ഇടനിലക്കാരിലേക്കോ പണം നല്‍കരുതെന്ന് ഉദ്യോഗാര്‍ത്ഥികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെ വരുകയോ ശമ്പളം വൈകുകയോ ചെയ്താല്‍ ജോലിയില്‍ നിന്ന് വിടുതല്‍ ആവശ്യപ്പെടാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്.
പാസ്പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി തുടങ്ങിയ വ്യക്തിഗത രേഖകള്‍ തൊഴിലുടമകള്‍ പിടിച്ചുവയ്ക്കാന്‍ പാടില്ലെന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ഗാര്‍ഹിക തൊഴിലാളി നിയമനത്തിനായി അംഗീകൃത കേന്ദ്രങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കനത്ത പിഴക്ക് പുറമെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുളള നടപടികളാണ് ഇത്തരം സ്ഥാപനങ്ങളെ കാത്തിരിക്കുന്നത്.
ഈ വര്‍ഷം ആദ്യ ആറുമാസത്തിനിടെ നിയമം ലംഘിച്ച നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ മാനവ വിഭ ശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു. വ്യാജ റിക്രൂട്ട്‌മെന്റ് നടത്തിയ 77 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും റദ്ദാക്കി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Content Highlights: UAE approves 311 licensed offices for domestic worker recruitment