

കമൽ ഹാസനെ നായകനാക്കി മണിരത്‌നം ഒരുക്കിയ തഗ് ലൈഫിലെ ഗാനങ്ങൾ എല്ലാം വളരെ ഹിറ്റായിരുന്നു. എആർ റഹ്‌മാൻ ആയിരുന്നു സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. സിനിമയിൽ ധീ പാടിയ 'മുത്ത മഴൈ' എന്ന ഗാനം വലിയ ഹിറ്റായിരുന്നു. സിനിമയുടെ ഓഡിയോ ലോഞ്ചിൽ ധീയ്ക്ക് പകരം ചിന്മയി ആയിരുന്നു ഈ ഗാനം ആലപിച്ചിരുന്നത്. ഈ വേർഷൻ തുടർന്ന് വലിയ വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് ചിന്മയി.
'റഹ്‌മാൻ സാറിന്റെ കോൺസെർട്ടിൽ പാടാൻ വിളിച്ചാൽ അതിന്റെ എല്ലാ എക്സൈറ്റ്മെന്റും എനിക്ക് ഉണ്ടാകും. കാരണം ഞാൻ ഒരു വലിയ റഹ്‌മാൻ ഫാൻ ആണ്. മുത്ത മഴൈ എന്ന ഗാനം പാടാൻ പോകുന്നതിന്റെ സമയത്ത് തലേദിവസം ഇവന്റ് ക്യാൻസൽ ആയി എന്ന് വിളിച്ച് പറഞ്ഞു. പടത്തിലും ആ പാട്ടില്ല അതുകൊണ്ട് എന്നോട് വരണ്ട എന്നും പറഞ്ഞു. നേരത്തെ തന്നെ ആ ഗാനം തെലുങ്കിലും ഹിന്ദിയിലും ഞാൻ പാടിയിരുന്നു. ആദ്യം തമിഴ് ഉൾപ്പെടെ മൂന്ന് ഭാഷയിലും ഞാൻ ആയിരുന്നു പാടേണ്ടിയിരുന്നത് അവസാനം അതും ക്യാൻസൽ ആയി.
എല്ലാം കൂടി ചേർന്ന് അവസാനം ആ പാട്ട് ഞാൻ പാടുമ്പോൾ ഒരു എക്സൈറ്റ്മെൻ്റ് എനിക്ക് ഇല്ലായിരുന്നു. ആ പാട്ട് അത്രയും വൈറൽ ആകുമെന്ന് ഞാൻ കരുതിയില്ല. എന്തൊക്കെ ആയാലും തമിഴ് സിനിമയ്ക്ക് ഞാൻ ഒരു ബാൻ ചെയ്യപ്പെട്ട ഗായികയും ആർട്ടിസ്റ്റുമാണ്. ആ പാട്ടിൽ നിന്ന് ഞാൻ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ടാകാം അത് അത്രയും ഹിറ്റായത്', ചിന്മയിയുടെ വാക്കുകൾ.
കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച 'തഗ് ലൈഫ്' ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. ഗ്യാങ്‌സ്റ്റര്‍ സിനിമകളില്‍ കാലങ്ങളായി കണ്ടുവരുന്ന ക്ലീഷേകള്‍ കുത്തി നിറച്ച തഗ് ലൈഫിന്‍റെ തിരക്കഥ ഏറെ പഴഞ്ചനാണെന്നാണ് ആരാധകരുടെ പ്രതികരണം. മണിരത്‌നത്തിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളുടെ പട്ടികയില്‍ തഗ് ലൈഫ് മുന്‍പന്തിയില്‍ തന്നെയുണ്ടാകുമെന്ന് ഒടിടി റിലീസിന് ശേഷം പലരും കുറിച്ചു.

ചിത്രം മുടക്കുമുതൽ പോലും നേടാതെയാണ് തിയേറ്റർ വിട്ടത്. തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നും 50 കോടി പോലും കടക്കാന്‍ ചിത്രത്തിനായിരുന്നില്ല. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Chinmayi about her viral song in Thug life