

യുഎഇയില്‍ അനാഥരായ കുട്ടികളുടെ സംരക്ഷണം പ്രവാസി കുടുംബങ്ങള്‍ക്കും ഏറ്റെടുക്കാന്‍ കഴിയുന്ന പുതിയ നിയമത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അനാഥരായ കുരുന്നുകളുടെ പരിചരണം, സംരക്ഷണം, പരിപാലനം എന്നിവ സമഗ്രമായി ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാതാപിതാക്കളുടെ തിരിച്ചറിയല്‍ രേഖ ലഭ്യമല്ലാത്ത കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങള്‍, വ്യക്തിത്വം, താല്‍പര്യങ്ങള്‍, സ്വകാര്യത എന്നിവ സംരക്ഷിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതിനുള്ള വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
യുഎഇയിലെ താമസക്കാരായ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അനാഥ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി നിശ്ചിത മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. 25 വയസ് പൂര്‍ത്തിയായ ദമ്പതികള്‍ സംയുക്തമായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
സാമ്പത്തിക സ്ഥിരതയുള്ള 30 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കും കുട്ടികളെ പരിചരിക്കാന്‍ അനുമതി നല്‍കും. കുട്ടിക്ക് സുരക്ഷിതവും മാനസികവും ആരോഗ്യകരവുമായ അന്തരീക്ഷം നല്‍കാന്‍ കഴിയുമെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമെ കുട്ടികളെ വിട്ടുനല്‍കുകയുള്ളു. കുട്ടികളെ ഏറ്റെടുക്കുന്നവരുടെ പ്രവര്‍ത്തനം പ്രത്യേക സമിതി നിശ്ചിത ഇടവേളകളില്‍ നിരീക്ഷിക്കും.
നിബന്ധനകള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ കുട്ടിയെ തിരികെ ഏറ്റെടുത്ത് യോഗ്യരായ മറ്റ് കുടുംബങ്ങള്‍ക്ക് കൈമാറുമെന്നും നിയമം വ്യക്തമാക്കുന്നു. അതിനിടെ ചെറിയ നിയമ ലംഘനങ്ങള്‍ തിരുത്താനും അവസരമുണ്ടാകും. കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യപരിചരണം, മാനസിക പിന്തുണ തുടങ്ങിയ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നവരുടെ ഉത്തരവാദിത്തമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: UAE introduces new law to protect children without known parents