റെഡ് സിഗ്നൽ വകവെയ്ക്കാതെ പോയാൽ പണി ഉറപ്പാണ്; കർശന മുന്നറിയിപ്പുമായി ഷാർജ പൊലീസ്

ഒരാളുടെ അശ്രദ്ധ മറ്റ് നിരവധി യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നതായി ഷാര്‍ജ പൊലീസ്

റെഡ് സിഗ്നൽ വകവെയ്ക്കാതെ പോയാൽ പണി ഉറപ്പാണ്; കർശന മുന്നറിയിപ്പുമായി ഷാർജ പൊലീസ്
dot image

ഷാർജ: റെഡ് സിഗ്നല്‍ ലംഘിക്കുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്. സിഗ്നൽ ലംഘിച്ചതിന് പിന്നാലെ വാഹനങ്ങൾ തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

രണ്ട് വാഹനങ്ങള്‍ വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഷാര്‍ജ പൊലീസിന്റെ നിരീക്ഷണ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ തിരക്കേറിയ ഒരു കവലയിലൂടെ ഒരു വെള്ള നിസ്സാന്‍ പിക്കപ്പ് ട്രക്ക് റെഡ് സിഗ്നല്‍
മറികടന്ന് അതിവേഗം പാഞ്ഞുപോകുന്നതായി കാണാം. ഇതോടെ ഗതാഗത നിയമങ്ങള്‍ പാലിച്ച് ശരിയായ പാതയിലൂടെ സഞ്ചരിച്ചിരുന്ന മറ്റ് വാഹനങ്ങള്‍ക്ക് ബ്രേക്ക് ചെയ്യണ്ടി വന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് വലിയ കൂട്ടിയിടി ഒഴിവായതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഒരാളുടെ അശ്രദ്ധ മറ്റ് നിരവധി യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നതായി ഷാര്‍ജ പോലീസ് പറഞ്ഞു. റെഡ് സിഗ്നലുകള്‍ അവഗണിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും പൊലീസ് ഓര്‍മിപ്പിച്ചു.

നിയമലംഘകര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. ഇതിന് പുറമെ മുപ്പത് ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. എന്നാല്‍ റെഡ് സിഗ്നല്‍ ലംഘനം മൂലമുള്ള അപകടം ആരുടെയെങ്കിലും മരണത്തിന് കാരണമായാല്‍ കുറഞ്ഞത് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി അത്യാധുനിക കാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ഷാര്‍ജ പൊലീസ് സജ്ജമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷവും റെഡ് സിഗ്നല്‍ ലംഘനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 9,232 ലൈറ്റ് വാഹനങ്ങള്‍, 82 ഹെവി വാഹനങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. നിയമ ലംഘനം നടത്തിയ നിരവധി മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തിരുന്നു.
എല്ലാവരും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും ഉത്തരവാദിത്തത്തോടെ വാഹനമോടിക്കണമെന്നും ഷാര്‍ജ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: sharjah police warns drivers who dont obey red signal

dot image
To advertise here,contact us
dot image