

തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിലിന് പുറത്ത് കാത്തുനിന്ന മെൻസ് അസോസിയേഷൻ പ്രവർത്തകർ രാഹുലിനെ മാലയിട്ട് സ്വീകരിച്ചു.
പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ ഈശ്വർ തനിക്കെതിരെ വന്നത് വ്യാജ പരാതിയാണെന്ന് പറഞ്ഞു. സ്വാമി അയ്യപ്പനെയും മഹാത്മാ ഗാന്ധിയെയും പരാമർശിച്ചുകൊണ്ടാണ് രാഹുൽ സംസാരിച്ചുതുടങ്ങിയത്. നോട്ടീസ് നൽകാതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തത്. ശബരിമല സ്വർണക്കൊള്ളയ്ക്ക് പകരം രാഹുൽ വിഷയം പ്രചാരണമാക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. താൻ പുറത്തുണ്ടെങ്കിൽ ശക്തമായ ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രിക്കറിയാം. താൻ പോരാടുന്നതും നിരാഹാരം കിടന്നതും മെൻസ് കമ്മീഷന് വേണ്ടിയാണ്. തന്നെ വ്യാജ പരാതിയിൽ അറസ്റ്റ് ചെയ്തത് പോലെ ആരെയും അറസ്റ്റ് ചെയ്യാവുന്നതല്ലേ എന്നും രാഹുൽ ചോദിച്ചു.
ഇതിനിടയിൽ കൂടുതൽ സംസാരിക്കുന്നതിൽ നിന്നും രാഹുലിനെ ഭാര്യ ദീപ വിലക്കുന്നുണ്ടായിരുന്നു. അഭിഭാഷകനും വിലക്കിയെങ്കിലും രാഹുൽ പിന്മാറിയില്ല. പിന്നാലെ സത്യമില്ലാതെ ഈ രാജ്യം നിലനിൽക്കില്ലെന്നും ആർക്കും ആരെക്കുറിച്ചും കള്ളം പറയാമെന്ന് വെച്ചാൽ നമ്മളെ കുടുക്കാൻ വളരെ എളുപ്പമാണ് എന്നും രാഹുൽ പറഞ്ഞു. തുടർന്ന് മകനെ മാധ്യമങ്ങൾക്ക് മുൻപിൽ നിർത്തി നാളെ ഇവരെപ്പോലുള്ള ആൺകുട്ടികൾ വളർന്നുവരുമ്പോൾ അവരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യരുത് എന്നും അതിനാണ് ഈ പോരാട്ടമെന്നും രാഹുൽ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് നീതി കിട്ടാത്ത, ദിലീപിനും നിവിൻ പോളിക്കും നീതി കിട്ടാത്ത നാട്ടിൽ നമ്മളെപ്പോലുള്ളവർക്ക് നീതി കിട്ടുമോ എന്നും രാഹുൽ ചോദിച്ചു.
അല്പസമയം മുൻപാണ് അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 16 ദിവസത്തിന് ശേഷമാണ് ജാമ്യം. സമാനമായ കേസില്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിന്റെ നവംബര്‍ 30നായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. രണ്ടാം തവണയായിരുന്നു ജാമ്യം നിഷേധിക്കുന്നത്.
രാഹുല്‍ ജയിലില്‍ നിരാഹാരം തുടര്‍ന്നതില്‍ കോടതി രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. നിരാഹാര സമരം അംഗീകരിക്കില്ലെന്നും നിരാഹാരം നടത്തി അന്വേഷണത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമം നടത്തുകയാണെന്നും ജാമ്യം നല്‍കുന്നത് ഇത്തരം തന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതി നടത്തിയത് ഗുരുതര കുറ്റങ്ങളാണെന്നും കോടതി പറഞ്ഞിരുന്നു. പിന്നാലെ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.
Content Highlights: Rahul Easwar says complaint against him is fake