വാ​ഹനങ്ങൾ അലങ്കരിക്കുമ്പോൾ ഈ നിർദ്ദേശങ്ങൾ പാലിക്കണം; ദേശീയ ദിനാഘോഷത്തിൽ നിയന്ത്രണങ്ങളുമായി ഖത്തർ

പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഖത്തർ ദേശീയ ദിനാഘോഷങ്ങൾ

വാ​ഹനങ്ങൾ അലങ്കരിക്കുമ്പോൾ ഈ നിർദ്ദേശങ്ങൾ പാലിക്കണം; ദേശീയ ദിനാഘോഷത്തിൽ നിയന്ത്രണങ്ങളുമായി ഖത്തർ
dot image

ദേശീയ ദിനാഘോഷങ്ങളുടെ ഭാ​ഗമായി വാഹനങ്ങൾ അലങ്കരിക്കുന്നത് സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. ട്രാഫിക് നിയമങ്ങൾക്കും പൊതുസുരക്ഷയ്ക്കും ബുദ്ധിമുട്ടില്ലാതെ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുകയാണ് മാർഗനിർദ്ദേശത്തിന് പിന്നിലെ ലക്ഷ്യം. 2025 ഡിസംബർ 14 മുതൽ 20 വരെയാണ് ഖത്തറിൽ ദേശീയ ദിനാഘോഷങ്ങൾ നടക്കുക.

ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാ​ഗമായി വാഹനങ്ങൾ അലങ്കരിക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ഇവയാണ്.

വാഹനങ്ങളുടെ മുൻവശത്തെയും പിൻവശത്തെയും ​ഗ്ലാസുകൾ, ഡ്രൈവറിന്റെയും മുൻ സീറ്റിലെ യാത്രക്കാരന്റെയും അരികിലുള്ള ​ഗ്ലാസുകൾ എന്നിവ അലങ്കരിക്കാനോ നിറം നൽകാനോ പാടില്ല.

വാഹനത്തിന്റെ യഥാർത്ഥ നിറം മാറ്റാൻ പാടില്ല.

അലങ്കാരങ്ങൾ നമ്പർ പ്ലേറ്റുകൾ മറയ്ക്കരുത്.

ദേശീയ ദിനാഘോഷങ്ങളുമായി ബന്ധമില്ലാത്ത എഴുത്തുകളോ സ്റ്റിക്കറുകളോ വാഹനങ്ങളിൽ ഉണ്ടാകരുത്.

വാഹന ഉടമകൾ‌ ഈ നിയമങ്ങൾ പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം കർശന മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്.

അതിനിടെ ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ ഈ മാസം പത്തിന് ആരംഭിച്ചു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതാണ് സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍, 'നിങ്ങളോടൊപ്പം അത് ഉയരുന്നു, നിങ്ങളില്‍ അത് കാത്തിരിക്കുന്നു' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ഉമ്മുസലാലിലെ ദര്‍ബ് അല്‍ സായി ആണ് പ്രധാന ആഘോഷ വേദി.

വൈവിധ്യമാര്‍ന്ന സാംസ്‌കാരിക, കലാ, പൈതൃക പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. ദര്‍ബ് അല്‍ സായി ദിവസേന ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി 11 വരെ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും. പത്ത് ദിവസത്തെ ആഘോഷപരിപാടികള്‍ കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും സാംസ്‌കാരികവും - വിനോദപരവുമായ വേറിട്ട അനുഭവം സമ്മാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.

Content Highlights: Qatar Ministry of Interior sets vehicle decoration rules for National Day 2025

dot image
To advertise here,contact us
dot image