

മുൻ വർഷങ്ങളിലേതിന് സമാനമായി ഇത്തവണയും പുതുവർഷ പിറവി ആഘോഷമാക്കാൻ ദുബായ് ഗ്ലോബൽ വില്ലേജ്. 10 മണിക്കൂർ നീളുന്ന ആഘോഷത്തിൽ ഏഴ് തവണയാണ് പുതുവർഷത്തെ ദുബായ് വരവേൽക്കുക. വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന പുതുവത്സരാഘോഷങ്ങൾ രാത്രി രണ്ട് മണി വരെ നീളും.
വെടിക്കെട്ടും ഡ്രോണ്‍ ഷോകളും ഉള്‍പ്പെടെയുളള വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ ഒരുക്കിയാകും ഇത്തവണ ഗ്ലോബല്‍ വില്ലേജ് പൊതുജനങ്ങളെ വരവേല്‍ക്കുക. വിവിധ രാജ്യങ്ങളുടെ പുതു വത്സരാഘോഷങ്ങള്‍ക്കും ഗ്ലോബല്‍ വില്ലേജ് വേദിയാകും. പുതുവർഷത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുന്നതുളള തയ്യാറെടുപ്പുകളാണ് ദുബായ് ഗ്ലോബല്‍ വില്ലേജില്‍ പുരോഗമിക്കുന്നത്. ഒരു രാത്രിയില്‍ നടക്കുന്ന ഏഴ് രാജ്യങ്ങളുടെ ആഘോഷപരിപാടികള്‍ ഏഴ് പുതുവത്സരപിറവിയുടെ വേറിട്ട അനുഭവം കാണികള്‍ക്ക് സമ്മാനിക്കും.
ഓരോ രാജ്യത്തിന്റെയും വ്യത്യസ്തമാര്‍ന്ന വെടിക്കെട്ടുകളും ഡ്രോണ്‍ ഷോകളും ഉണ്ടാകും. രാത്രി എട്ട് മണിക്ക് ചൈനയുടെ വെടിക്കെട്ടോട് കൂടിയാകും ഇതിന് തുടക്കം കുറിക്കുക. പിന്നാലെ തായ്‌ലാന്റ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ മിന്നുന്ന പ്രകടനവും കാണാനാകും. യുഎഇ സമയം രാത്രി 10.30ന് ആണ് ഇന്ത്യയുടെ പുതുവത്സരാഘോഷം. തുടര്‍ന്ന് പാകിസ്താന്റെയും അര്‍ദ്ധ രാത്രിയില്‍ ദുബായുടെ ഡ്രോണുകളും ആകാശത്ത് ദൃശ്യവിസ്മയം തീര്‍ക്കും. പുലര്‍ച്ചെ ഒരു മണിക്ക് തുര്‍ക്കിയും പുതുവര്‍ഷത്തെ വരവേല്‍ക്കും. തൊണ്ണൂറിലധികം സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവലിയനുകള്‍ 3,500-ലധികം ഷോപ്പിംഗ് ഔട്ട്ലെറ്റുകള്‍ എന്നിവയും ഗ്ലോബല്‍ വില്ലേജില്‍ സജ്ജമാക്കും. പ്രധാന വേദിയില്‍ തത്സമയ ഡിജെ പ്രകടനം ആസ്വദിക്കാനും അവസരമുണ്ടാകും.
250-ലധികം ഡൈനിംഗ് ഔട്ട്ലെറ്റുകള്‍, സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായുളള വിനോദ കേന്ദ്രം എന്നിവയും ഇത്തവണത്തെ പ്രത്യേകതയാണ്. ഫ്‌ലോട്ടിംഗ് മാര്‍ക്കറ്റും ഹാപ്പിനസ് സ്ട്രീറ്റും മുതല്‍ ഫിയസ്റ്റ സ്ട്രീറ്റ് ആന്‍ഡ് ഡെസേര്‍ട്ട് ഡിസ്ട്രിക്റ്റ് വരെയുള്ള ആകര്‍ഷണങ്ങളും കാണികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും. 200-ലധികം റൈഡുകളും ഗെയിമുകള്‍ക്കും പുറമെ ഡ്രാഗണ്‍ കിംഗ്ഡം, ഗാര്‍ഡന്‍സ് ഓഫ് ദി വേള്‍ഡ്, യുവ സന്ദര്‍ശകര്‍ക്കായുളള ദി ലിറ്റില്‍ വണ്ടറേഴ്സ് എന്നിവയും ആഘോഷങ്ങള്‍ മാറ്റ് കൂട്ടും.
Content Highlights: Dubai: Global Village to welcome New Year 7 times with 7 fireworks