

അബുദാബി: യുഎഇയിൽ കുട്ടികളുടെ ക്ഷേമവും അവകാശവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം നിലവിൽ വന്നു. വേർപിരിഞ്ഞ് കഴിയുന്ന പ്രവാസികൾ ഉൾപ്പെടെയുളള രക്ഷിതാക്കളുടെ കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച കാര്യങ്ങളിൽ മാറ്റം വരുത്തികൊണ്ടാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. പതിനഞ്ച് വയസ് പൂർത്തിയായ കുട്ടിക്ക് ആർക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ നിയമത്തിലൂടെ സാധിക്കും. കുട്ടികളുടെ ഇഷ്ടത്തെ മുൻനിർത്തിയാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കസ്റ്റഡി പ്രായപരിധി 18 വയസായി ഉയർത്തി. മുൻപ് ഇത് ആൺകുട്ടികൾക്ക് 11 ഉം പെൺകുട്ടികൾക്ക് 13 ഉം വയസായിരുന്നു.15 വയസ് പൂർത്തിയായ കുട്ടികൾക്ക് മാതാവിനോ പിതാവിനോ ആർക്കൊപ്പം താമസിക്കണമെന്ന് തീരുമാനിക്കാനാകും. എന്നാൽ ഇതിന് കോടതിയുടെ അംഗീകാരം ആവശ്യമാണെന്നും നിയമം വ്യക്തമാക്കുന്നു. മുസ്ലീമല്ലാത്ത അമ്മമാർക്ക് കോടതിയുടെ അംഗീകാരത്തോടെ മുൻപ് നിശ്ചയിച്ച കാലാവധിക്ക് ശേഷവും കൂടെ താമസിപ്പിക്കാനാവും.
കുട്ടികളുടെ വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാനുള്ള അവകാശം അമ്മക്കായിരിക്കും. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി അടിയന്തര കാര്യങ്ങൾക്കായുള്ള കോടതിയെ സമീപിക്കാനും കഴിയും. കുട്ടിയോടൊപ്പം വർഷത്തിൽ 60 ദിവസം വരെ പരസ്പരമുള്ള അനുമതിയോടെ യാത്ര ചെയ്യാൻ ഇരു രക്ഷിതാക്കൾക്കും തുല്യ അവകാശമുണ്ടായിരിക്കുമെന്നും പുതിയ നിയമത്തിൽ പറയുന്നു.
കുട്ടികളുടെ പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും ഉൾപ്പെടെയുള്ള യാത്രാരേഖകൾ ദുരുപയോഗം ചെയ്യുകയോ പരസ്പരം കൈമാറാതിരിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് നിയമത്തിൽ പറയുന്നു. ഇത്തരക്കാർക്ക് ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ഇതിന് പുറമെ മറ്റ് നിയമ നപടികളും നേരിടേണ്ടി വരും. ആധുനിക സമൂഹത്തിന് അനുയോജ്യമായ രീതിയിൽ കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Content Highlight; New law has been enacted to ensure the welfare and rights of children in the UAE