സഞ്ജു വഴി സന്ദേശം കൈമാറി ഗംഭീര്‍; അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയെ ഒതുക്കിയത് ഈ തന്ത്രം

അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 120 കടത്താതെ കാത്ത ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ തന്ത്രമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്

സഞ്ജു വഴി സന്ദേശം കൈമാറി ഗംഭീര്‍; അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയെ ഒതുക്കിയത് ഈ തന്ത്രം
dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ കുഞ്ഞന്‍ സ്‌കോറിന് ഒതുക്കിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. 19-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 115 റണ്‍സിന് ഏഴ് വിക്കറ്റെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 120 കടത്താതെ കാത്ത ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ തന്ത്രമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ഇലവനില്‍ ഇല്ലാത്ത മലയാളി താരം സഞ്ജു സാംസണാണ് ഗംഭീറിന്റെ സന്ദേശം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് കൈമാറിയെന്നതാണ് മറ്റൊരു പ്രത്യേകത.

ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ 12 റണ്‍സുമായി ആന്റിച്ച് നോര്‍ക്യയും ഒറ്റ റണ്ണുമായി ലുങ്കി എന്‍ഗിഡിയുമായിരുന്നു ക്രീസില്‍. അവസാന ഓവര്‍ എറിയാനായി ഹാര്‍ദിക് പാണ്ഡ്യയെയായിരുന്നു ക്യാപ്റ്റന്‍ സൂര്യ ആദ്യം വിളിച്ചത്. എന്നാല്‍ ഉടനെ തന്നെ ഡഗൗട്ടിലിരിക്കുകയായിരുന്ന കോച്ച് ഗൗതം ഗംഭീര്‍ ഇടപെട്ടു.

ഫീല്‍ഡിങ് കോച്ച് ടി ദിലീപിനടുത്തെത്തി ഗംഭീര്‍ നിര്‍ദേശങ്ങള്‍ നല്‍കി. ദിലീപ് ഉടനെ തന്നെ ഡഗൗട്ടിലിരിക്കുകയായിരുന്ന സഞ്ജു സാംസണോട് ഇക്കാര്യം പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ സഞ്ജു ഗ്രൗണ്ടിലേക്ക് ഓടി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോട് ഹാര്‍ദ്ദിക്കിനെയല്ല, കുല്‍ദീപ് യാദവിനെയാണ് അവസാന ഓവറില്‍ പന്തേല്‍പ്പിക്കേണ്ടതെന്ന നിര്‍ദേശം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് ക്യാപ്റ്റന്‍ സൂര്യ കുല്‍ദീപ് യാദവിനെ പന്തേല്‍പ്പിക്കുകയായിരുന്നു. തന്റെ ആദ്യ ഓവറില്‍ പത്ത് റണ്‍സ് വഴങ്ങുകയും വിക്കറ്റ് എടുക്കാതിരിക്കുകയും ചെയ്ത കുല്‍ദീപിന് ക്യാപ്റ്റന്‍ സൂര്യ പിന്നീട് ഓവറുകളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ കോച്ചിന്റെ നിര്‍ദേശപ്രകാരം അവസാന ഓവര്‍ എറിയാന്‍ കുല്‍ദീപിനെ സൂര്യ വിളിക്കുകയായിരുന്നു. അവസാന ഓവര്‍ എറിഞ്ഞ കുല്‍ദീപ് രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ആന്റിച്ച് നോര്‍ക്യയെയും ഒട്ട്‌നീല്‍ ബാര്‍ട്മാനെയും പുറത്താക്കി ഗംഭീറിന്റെയും ക്യാപ്റ്റന്‍ സൂര്യയുടെയും വിശ്വാസം കാക്കുന്നതിനൊപ്പം ദക്ഷിണാഫ്രിക്കയെ 117 റണ്‍സിലൊതുക്കുകയും ചെയ്തു.

Content Highlights: Gautam Gambhir sends Unconventional Tactic via Sanju Samson to Suryakumar Yadav

dot image
To advertise here,contact us
dot image