

സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് പ്രത്യേക പദ്ധതിയുമായി ദുബായ് ഭരണകൂടം. ഇതിന്റെ ഭാഗമായി ദേശീയ അവബോധ കാമ്പയിന് ദുബായ് ഇക്കണോമിക് സെക്യൂരിറ്റി സെന്റര്‍ തുടക്കം കുറിച്ചു. ശക്തമായ സമ്പദ്‍വ്യവസ്ഥ. 'ബോധമുള്ള സമൂഹം' എന്നതാണ് കാമ്പയിന്റെ മുദ്രാവാക്യം.
ഡിജിറ്റല്‍ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ഭീഷണികളെ നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ അവബോധ കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുളള സാമ്പത്തിക തട്ടിപ്പുകള്‍ നേരിടുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ദുബായിയുടെ സാമ്പത്തിക നേട്ടങ്ങള്‍ സംരക്ഷിക്കുക, ബിസിനസ് അന്തരീക്ഷത്തില്‍ ആത്മവിശ്വാസം ശക്തിപ്പെടുത്തുക, നിക്ഷേപ സൗഹൃദവും പ്രതിരോധശേഷിയുള്ളതും സുരക്ഷിതവുമായ സമ്പദ് വ്യവസ്ഥയെ പിന്‍തുണക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന വാണിജ്യ പരസ്യങ്ങള്‍, ഡീപ്ഫേക്ക് കൃത്രിമത്വം, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴുണ്ടാകുന്ന അപകട സാധ്യതകള്‍ എന്നിവയ്ക്ക് പുറമെ വ്യാജ ലിങ്കുകള്‍ വഴി ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ മോഷ്ടിക്കല്‍, ഇമെയില്‍, എസ്എംഎസ് ഫിഷിംഗ് ആക്രമണങ്ങള്‍, വഞ്ചനാപരമായ നിക്ഷേപ പദ്ധതികള്‍ തുടങ്ങിയവയിലെല്ലാം ജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ ക്യാമ്പയിനിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.
ക്രിപ്‌റ്റോ കറന്‍സിയിലും സാമ്പത്തിക വിപണികളിലുമുളള കൃത്രിമത്വം, വഞ്ചനാപരമായ ബിസിനസ് ഡീലുകളും പങ്കാളിത്തങ്ങളും ഉള്‍പ്പെടെ വ്യക്തികളെയും കമ്പനികളെയും ലക്ഷ്യമിടുന്ന എല്ലാ ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ചുള്ള അവബോധവും ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂട്ടായ ഇടപെടലിലൂടെ, തട്ടിപ്പുകള്‍ക്കെതിരെ കവചം തീര്‍ക്കാനും യുഎഇയുടെ സമ്പദ്വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസം ശക്തിപ്പെടുത്താനും കഴിയുമെന്ന് ദുബായ് ഇക്കണോമിക് സെക്യൂരിറ്റി സെന്റര്‍ അഭിപ്രായപ്പെട്ടു. സ്റ്റേ അവയര്‍, ടുഗതര്‍ വീ പ്രൊട്ടക്റ്റ് ഔര്‍ എക്കോണമി എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ പങ്കിടാന്‍ ദുബായ് ഇക്കണോമിക് സെക്യൂരിറ്റി സെന്റര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Content Highlights: Dubai fights economic fraud: Nationwide campaign StayAware launched