

ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുള്ള ദുബായ് റൈഡിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. അടുത്ത മാസം രണ്ടിനാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ദുബായ് റൈഡ് നടക്കുക. റൈഡില്‍ പങ്കെുക്കുന്നവര്‍ക്ക് ഇത്തവണയും സൈക്കിളുകള്‍ സൗജന്യമായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഒരു മാസം നീണ്ടുനില്‍ക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് നവംബര്‍ രണ്ടിന് ദുബായ് റൈഡ് സംഘടിപ്പിക്കുന്നത്. ഇതിന് വേണ്ടിയുളള രജിഷ്ട്രേഷനും പുരോഗമിക്കുകയാണ്. റൈഡില്‍ പങ്കെടുക്കുന്നതിനായുളള സൈക്കിളുകള്‍ സൗജന്യമായി ലഭ്യമാക്കും. ദുബായ് റോഡ് ഗതാഗത അതോറിറ്റിയുമായി കൈകോര്‍ത്ത് പ്രമുഖ ഡെലിവറി സേവനദാതാക്കളായ കരീമാണ് സൈക്കിള്‍ നല്‍കുക. കരീം ആപ്ലിക്കേഷനില്‍ ഡിആര്‍-25 എന്ന പ്രമോ കോഡ് ഉപയോഗിച്ച് കരീം ബൈ ക്ക് സ്റ്റേഷനുകളില്‍ നിന്ന് സൈക്കിളുകള്‍ സ്വന്തമാക്കാം.
ഫ്യൂച്ചര്‍ മ്യൂസിയത്തിലെ പ്രവേശന കവാടത്തിലും ലോവര്‍ എഫ്.സി.എസിലെ പ്രവേശന കവാടത്തിലുമാണ് സൈക്കിളുകള്‍ ലഭിക്കുക. ഇതിന് പുറമെ ദുബായിലുടനീളമുള്ള 200ലധികം കരീം ബൈക്ക് സ്റ്റേഷനുകളില്‍ നിന്നും സൈക്കിളുകള്‍ നേടാനാകും. ദുബായ് റൈഡ് നടക്കുന്ന നവംബര്‍ രണ്ടിന് പുലര്‍ച്ചെ മുതല്‍ പ്രവേശനം അനുവദിക്കും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും സൈക്കിളുകള്‍ നല്‍കുക.
ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായുള്ള ദുബായ് റണിന് വേണ്ടിയുളള ഒരുക്കങ്ങളും പുരോഗമിക്കുകാണ്. അടുത്ത മാസം 23നാണ് ദുബായിലെ ഏറ്റവും വലിയ ഫിറ്റ്നസ് ഈവന്റുകളില്‍ ഒന്നായ ദുബായ് റണ്‍ നടക്കുക. എല്ലാ പ്രായക്കാരെയും ലക്ഷ്യമിട്ടുള്ള റണ്ണിനായി മ്യൂസിയം ഓഫ് ദ് ഫ്യൂച്ചര്‍, എമിറേറ്റ്സ് ടവര്‍, ദുബായ് ഒബ്‌റ, ബുര്‍ജ് ഖലീഫ എന്നിവിടങ്ങളിലാണ് ട്രാക്കുകള്‍ സജ്ജമാക്കുക. പത്ത് കിലോമീറ്റര്‍, അഞ്ച് കിലോമീറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് ഇത്തവണത്തെ ദുബായ് റണ്‍ നടക്കുക.
Content Highlights: Final Preparations for Dubai Ride Fitness Challenge