

യുഎഇയില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഉത്പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കിയല്‍ വന്‍ തുക പിഴ നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കുന്ന വിലയെക്കാള്‍ കൂടുതല്‍ തുക ബില്ലില്‍ ഈടാക്കാനാകില്ലെന്നും ഫെഡറല്‍ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. ക്രയവിക്രയങ്ങള്‍ സുതാര്യമാക്കാനും ജനങ്ങളെ കബളിപ്പിക്കുന്നത് ഒഴിവാക്കാനും വേണ്ടിയാണ് കര്‍ശന നടപടി.
വ്യാപാര സ്ഥാപനങ്ങളില്‍ ഉത്പ്പന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കുമ്പോള്‍ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയുള്ള നിരക്ക് മാത്രമെ ഉള്‍പ്പെടുത്താന്‍ പാടുള്ളുവെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ചില സ്ഥാപനങ്ങള്‍ വാറ്റ് ചേര്‍ക്കാത്ത കുറഞ്ഞ നിരക്ക് പരസ്യങ്ങളിലും വിലവിവരപ്പട്ടികയിലും പ്രദര്‍ശിപ്പിക്കാറുണ്ട്. എന്നാല്‍ കാഷ് കൗണ്ടറില്‍ വാറ്റ് തുക ചേര്‍ത്ത് അധിക നിരക്ക് ഈടാക്കുകയും ചെയ്യുന്നു. ഇത്തരം പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് മുന്നറിപ്പുമായി ഫെഡറല്‍ ടാക്‌സ് അതോറിറ്റി രംഗത്ത് എത്തിയിരിക്കുന്നത്.
പ്രദര്‍ശിപ്പിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ തുക ബില്ലില്‍ ഈടാക്കുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്ന് അതേറിറ്റി മുന്നറിയിപ്പ് നല്‍കി. പരസ്യത്തിലോ ടാഗിലോ മെനുവിലോ കാണിച്ച നിരക്ക് മാത്രമേ ഉപഭോക്താവില്‍ നിന്ന് ഈടാക്കാന്‍ പാടുള്ളു. വാറ്റ് ഉള്‍പ്പെടുത്താത്ത വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നത് നികുതി നിയമങ്ങളുടെ ലംഘനമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അയ്യായിരം ദിര്‍ഹം വരെ പിഴ നല്‍കേണ്ടി വരും.
യുഎഇയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നിയമവിധേയമായി അടച്ച വാറ്റ് തുക വീണ്ടെടുക്കാന്‍ അവസരമുണ്ടെന്നും അതോറിറ്റി അറിയിച്ചു. ഇതിനായി വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലുള്ള പ്രത്യേക കൗണ്ടറില്‍ രേഖകളും അക്കൗണ്ട് നമ്പറും നല്‍കി അപേക്ഷ സമര്‍പ്പിക്കണം. അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം പണം അക്കൗണ്ടില്‍ എത്തും.
Content Highlights: UAE warns businesses will face hefty fines if they overprice products